'പ്രണയ വിവാഹമാണ് ഭാവിയിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് വിശ്വസിപ്പിച്ചു'; വ്യാജ ഇൻസ്റ്റഗ്രാം ജ്യോത്സ്യൻ യുവതിയിൽ നിന്ന് തട്ടിയത് ആറ് ലക്ഷം രൂപ

പ്രണയ തടസം മാറ്റാൻ എന്ന വ്യാജേന ഇൻസ്റ്റഗ്രാം ജ്യോത്സ്യൻ യുവതിയിൽ നിന്ന് തട്ടിയത് ആറ് ലക്ഷം രൂപ. ബെംഗളൂരുവിലെ വിജയ് കുമാർ എന്നയാളാണ് തട്ടിപ്പിന് പിന്നിൽ. ഭാവിയിലെ പ്രണയവിവാഹത്തിലെ തടസ്സങ്ങൾ നേരിടാൻ ആചാരപരമായ പൂജകളിലൂടെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ ഇരുപത്തിനാല് കറിയിൽ നിന്നും പണം തട്ടിയത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതി ജ്യോത്സ്യനെ പരിചയപ്പെട്ടത്. പ്രണയ വിവാഹമാണെന്നും ഭാവിയിൽ പ്രശ്നങ്ങളുണ്ടാകുമെന്നും വിശ്വസിപ്പിച്ചാണ് ഇയാൾ പെൺകുട്ടിയുമായി അടുത്തത്. ഇൻസ്റ്റഗ്രാമിൽ ജ്യോതിഷ വിദഗ്ധനെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ യുവതിയെ വലയിൽ വീഴ്ത്തിയത്. യുവതിയുടെ ജന്മനക്ഷത്രവും നാളും ചോദിച്ച് ചില ദോഷങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ചു.

തുടർന്നാണ് പരിഹാര പൂജകൾക്കായി പണം ആവശ്യപ്പെട്ടത്. ആദ്യം 1820 രൂപയാണ് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടത്. പിന്നീട് പലതവണയായി ആറ് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. തട്ടിപ്പാണെന്ന് മനസ്സിലായപ്പോൾ പണം തിരികെ ചോദിച്ചു. 13000 രൂപ തിരികെ നൽകിയ വ്യാജ ജോത്സ്യൻ ബാക്കി തുക നൽകാനില്ലെന്നും ആത്മഹത്യ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. അതേസമയം സംഭവത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.