ഐസിസ് ഇന്ത്യ തലവനും സഹായിയും അറസ്റ്റില്‍; പിടിയിലായത് ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നപ്പോള്‍

ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഐസിസ് ഇന്ത്യ തലവനും സഹായിയും അറസ്റ്റില്‍. ഇന്ത്യയിലെ ഐസിസ് തലവന്‍ ഹാരിസ് ഫാറൂഖിയെയും സഹായിയെയുമാണ് അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഇരുവരെയും അസമില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരെയും ഗുവാഹത്തിയിലെ എസ്ടിഎഫ് ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ത്യയിലെ ഐസിസ് തലവന്‍ ഹാരിസ് ഫാറൂഖി എന്ന അജ്മല്‍ ഫാറൂഖിയും സഹായി റെഹാനും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നോട്ടപ്പുള്ളികളായിരുന്നു. ബംഗ്ലാദേശില്‍ ക്യാമ്പ് ചെയ്തിരുന്ന ഇന്ത്യക്കാരായ രണ്ട് ഐസിസ് അംഗങ്ങള്‍ ധുബ്രി സെക്ടര്‍ വഴി അതിക്രമിച്ച് കടക്കുമെന്നും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരുന്നതായി എസ്ടിഎഫ് വ്യക്തമാക്കി.

Read more

അറസ്റ്റിലായ ഇരുവര്‍ക്കുമെതിരെ ഡല്‍ഹി, ലഖ്‌നൗ എന്നിവിടങ്ങളിലായി എന്‍ഐഎ, എടിഎസ് എന്നീ ഏജന്‍സികളുടെ നിരവധി കേസുകളുണ്ട്. ഐജി പാര്‍ത്ഥസാരഥി മഹന്തയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.