പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറഞ്ഞത് 21 ആക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രായപരിധി ഉയര്‍ത്തുന്നത് എന്തിനാണെന്ന് കേന്ദ്രം വ്യക്തമാക്കണം. ഇതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്ന് യെച്ചൂരി അറിയിച്ചു.
രാജ്യത്ത് 18 വയസ്സ് പൂര്‍ത്തിയായ വ്യക്തിക്ക് അവര്‍ക്ക് ഇഷ്ടമുള്ള ആളോടൊപ്പം ജീവിക്കാമെന്നാണ് ഭരണഘടന ഉറപ്പ് നല്‍കുന്നത്. നിയമപരമായ വിവാഹത്തിന് 21 വയസ്സ് ആവണം എന്നല്ലാതെ എന്ത് മാറ്റമാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു. ഇത് സര്‍ക്കാര്‍ വ്യക്തമാക്കണം. കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞതിന് ശേഷം പാര്‍ലമെന്റില്‍ ഇതിനെ എതിര്‍ക്കുന്നതടക്കമുള്ള നടപടികളിലേക്ക് പാര്‍ട്ടി കടക്കും.
Read more
18 വയസ്സായാല്‍ പ്രായപൂര്‍ത്തിയായ വ്യക്തിയായാണ് കണക്കാക്കുന്നത്. ഇതില്‍ ലിംഗസമത്വവുമയി എന്ത് ബന്ധമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം ഈ തീരുമാനം എടുത്തതെന്നാണ് പറയുന്നതെങ്കില്‍ ആദ്യം പോഷകാഹാരക്കുറവ് പോലെയുള്ള പ്രശ്‌നങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കേണ്ടതെന്ന് യെച്ചൂരി വ്യക്തമാക്കി.