ആഗോള ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിന് അഭിജിത് ബാനർജി, എസ്തർ ഡഫ്ലോ, മൈക്കൽ ക്രെമെർ എന്നിവർക്ക് 2019- ലെ ആൽഫ്രഡ് നൊബേലിന്റെ സ്മരണാർത്ഥം സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്സ്ബാങ്ക് പ്രൈസ് നൽകാൻ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് കഴിഞ്ഞ ദിവസം തീരുമാനിച്ചു. അതേസമയം നൊബേൽ ലഭിച്ച ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിയുടെ ഇന്ത്യൻ ബന്ധങ്ങൾ തിരഞ്ഞു പിടിച്ച് ആഘോഷിക്കുന്ന തിരക്കിലാണ് പത്ര മാധ്യമങ്ങളും സോഷ്യൽ മീഡിയയും.
അഭിജിത് ബാനർജി കൊൽക്കത്തയിലെ പ്രസിഡൻസി കോളജ് (അന്ന് കൊൽക്കത്ത സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരുന്നു), ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി (ജെ.എൻ.യു) എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയിട്ടുണ്ട്. കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ നിന്നും 1981- ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബി.എസ്. ബിരുദവും പിന്നീട് 1983- ൽ ജെഎൻയുവിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ എംഎയും പൂർത്തിയാക്കി.
അഭിജിത് ബാനർജി ജെഎൻയു വിദ്യാർത്ഥിയായിരുന്നപ്പോൾ, 1983- ൽ വൈസ് ചാൻസിലർക്കെതിരെ പ്രതിഷേധിച്ചതിന് 10 ദിവസം തിഹാർ ജയിലിലും കിടന്നിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. 2016-ലെ ജെ.എൻ.യു സമരത്തിൽ കനയ്യ കുമാറിനും, ഷെഹ്‌ല റാഷിദിനും, ഉമർ ഖാലിദിനും ഒപ്പം പ്രശസ്തനായ വിദ്യാർത്ഥി നേതാവ് രാമ നാഗ് ഈ വിവരം തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.
വിദ്യാർത്ഥികൾ രാഷ്ട്രീയം ചെയ്യരുതെന്നും പറഞ്ഞ് “നികുതിദായകരുടെ പണത്തെ കുറിച്ച്” കരയുന്നവർക്ക് ഈ നൊബേൽ സമ്മാനം ഒരു ഉത്തരമാണ് എന്നും രാമ നാഗ കുറിപ്പിൽ പറയുന്നു.
https://www.facebook.com/permalink.php?story_fbid=1352228311599028&id=100004356169450
Read more
വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റിനെ പുറത്താക്കിയതിന് വൈസ് ചാൻസലറെ ഗെരാവോ ചെയ്തതിനാണ് തിഹാർ ജയിലിൽ അഭിജിത് ബാനർജി കിടന്നത്. 2016 ൽ ഹിന്ദുസ്ഥാൻ ടൈംസിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ, തന്നെയും സുഹൃത്തുക്കളെയും 10 ദിവസം തിഹാർ ജയിലിൽ പിടിച്ചിട്ടെന്നും അവിടെ തങ്ങളെ പൊലീസ് മർദ്ദനത്തിന് ഇരയാക്കിയതായും അഭിജിത് ബാനർജി പങ്കുവെച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ല, മറിച്ച് കൊലപാതകശ്രമവും മറ്റുമാണ് കേസായി ചുമത്തിയതെന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു. കുറ്റങ്ങൾ പിന്നീട് പിൻവലിച്ചെന്നും അതുകൊണ്ട് പുറത്തിറങ്ങാൻ സാധിച്ചുവെന്നും അദ്ദേഹം ലേഖനത്തിൽ പറഞ്ഞു.