വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം; ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും നീക്കി

ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും നീക്കി. യശ്വന്ത് വര്‍മയുടെ വീട്ടിലുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെയാണ് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. മാര്‍ച്ച് 14ന് ആയിരുന്നു സംഭവം.

ഡല്‍ഹി ഹൈക്കോടതിയില്‍ ഇന്ന് കേസ് പരിഗണിക്കുന്ന ജഡ്ജിമാരില്‍ യശ്വന്ത് വര്‍മയുടെ പേരുമുണ്ടായിരുന്നു. ഇതില്‍ നിന്നാണ് ഒഴിവാക്കിയത്. ജസ്റ്റിസ് വര്‍മ്മയ്ക്ക് തല്‍ക്കാലം ഒരു ജുഡീഷ്യല്‍ ചുമതലകള്‍ നല്‍കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ഖന്ന ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം.

യശ്വന്ത് വര്‍മയുടെ വീട്ടിലുണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെ അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്തുന്നതിനിടെയാണ് ചാക്കുകളില്‍ നിറച്ച നിലയില്‍ കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പിന്നാലെ ഇതിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. എന്നാല്‍ അടുത്ത ദിവസം ഡല്‍ഹി അഗ്നിശമന സേന മേധാവി അതുല്‍ ഗാര്‍ഗ് സംഭവം നിഷേധിച്ചു.

പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അതുല്‍ ഗാര്‍ഗ് താന്‍ വാര്‍ത്ത നിഷേധിച്ചിട്ടില്ലെന്ന് അറിയിച്ച് രംഗത്തെത്തുകയായിരുന്നു. സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ഹരിയാന ജസ്റ്റിസുമായ ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സാന്ധവാലിയ കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെ ആണ് അന്വേഷണത്തിന് നിയോഗിച്ചത്. പിന്നാലെയാണ് ജഡ്ജിയെ ചുമതലകളില്‍ നിന്ന് മാറ്റിയത്.

Read more