ഹിന്ദുയിസവും ആര്‍.എസ്.എസും ഒന്നല്ല, ഗോഡ്‌സെയുടെ കാര്യം ചരിത്ര സത്യം, ആക്രമണത്തെയും അറസ്റ്റിനെയും ഭയമില്ല; കമല്‍ഹാസന്‍

ഗോഡ്‌സെ ഭീകരവാദിയെന്ന് താന്‍ പറഞ്ഞത് ചരിത്ര സത്യമാണെന്ന് കമല്‍ഹാസന്‍. അറസ്റ്റിനെയും ആക്രമണത്തെയും ഭയക്കുന്നില്ലെന്നും അദ്ദേഹം ചെന്നൈയില്‍ പറഞ്ഞു. ഹിന്ദുയിസവും ആര്‍.എസ്.എസും ഒന്നല്ല. എല്ലാ മതങ്ങളിലും തീവ്രസ്വഭാവമുള്ളവരുണ്ട്. ഹിന്ദുവിന് തീവ്രവാദിയാകാന്‍ കഴിയില്ലെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് താന്‍ മറുപടി പറയുന്നില്ല, ചരിത്രം മറുപടി നല്‍കുമെന്നും കമല്‍ഹാസന്‍ ചെന്നൈയില്‍ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്നുമാണ് കമല്‍ ഹാസന്‍ പറഞ്ഞത്. തമിഴ്‌നാട്ടിലെ അരവകുറിച്ചിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു പരാമര്‍ശം.

Read more

കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഭീഷണിയുമായി രംഗത്തെത്തി. കമലിന്റെ നാക്ക് പിഴുതെടുക്കണമെന്ന് ഉള്‍പ്പെടെ ആഹ്വാനമുണ്ടായി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ റാലിക്ക് നേരെ ചീമുട്ടയേറും കല്ലേറുമുണ്ടായി. സുരക്ഷാപ്രശ്‌നം കണക്കിലെടുത്ത് പൊലീസിന്റെ നിര്‍ദേശപ്രകാരം ഇന്നത്തെ പ്രചാരണം റദ്ദാക്കി.