കലാപത്തിന് പ്രേരിപ്പിച്ച് പ്രസംഗം നടത്തിയ കപിൽ മിശ്ര ഒമ്പത് പേരടങ്ങുന്ന സുരക്ഷാ സംഘത്തിന്റെ വലയത്തിൽ

നാല്പത്തിയെട്ട് പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിന് പ്രേരകമായ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രക്ക് സുരക്ഷ ഒരുക്കി ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ. അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് കപിൽ മിശ്രക്ക് ഇരുപത്തിനാല് മണിക്കൂറും സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.

ആം ആദ്മിപാർട്ടി മുൻ  എം.എൽ.എയും 2017- ൽ പാർട്ടി പുറത്താക്കിയതിനെ തുടർന്ന് കഴിഞ്ഞ മാസം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയിൽ ചേരുകയും ചെയ്ത കപിൽ മിശ്രക്ക് വൈ-കാറ്റഗറി സുരക്ഷ 2017-ൽ തന്നെ അനുവദിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ.

എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം തനിക്ക് സുരക്ഷ ആവശ്യമില്ലെന്നും ഒരു സായുധ പേഴ്‌സണൽ സെക്യൂരിറ്റി സ്റ്റാഫിനെ നൽകിയാൽ മതിയെന്നും കപിൽ മിശ്ര ഡൽഹി പൊലീസിനോട് അഭ്യർത്ഥിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന്റെ സുരക്ഷാ പരിരക്ഷ അവലോകനം ചെയ്യുകയും വൈ വിഭാഗത്തിൽ സുരക്ഷ തുടരാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്റെ സ്വതന്ത്രമായ നീക്കങ്ങളെയും സ്വകാര്യതയെയും ബാധിക്കുന്നതിനാൽ ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരെ ആവശ്യമില്ലെന്ന് കപിൽ മിശ്ര വീണ്ടും അഭ്യർത്ഥിക്കുകയായിരുന്നു.

Read more

കഴിഞ്ഞയാഴ്ച ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, തനിക്ക് അനുവദിച്ചിരുന്നു വൈ കാറ്റഗറി പ്രകാരമുള്ള സുരക്ഷ നൽകണമെന്ന് കപിൽ മിശ്ര അഭ്യർത്ഥിച്ചു. നിരവധി ഭീഷണി കോളുകൾ വരുന്നുണ്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പറഞ്ഞായിരുന്നു ഇത്.