കര്‍ണാടകയില്‍ ഇനി സിനിമാ ടിക്കറ്റിന് 200 രൂപമാത്രം; മള്‍ട്ടിപ്ലക്‌സ് അടക്കമുള്ള എല്ലാ തിയറ്ററുകള്‍ക്കും ബാധകം; കടുത്ത നടപടിയുമായി സിദ്ധരാമയ്യ സര്‍ക്കാര്‍; കൈയടിച്ച് സിനിമ പ്രേമികള്‍

കര്‍ണാടകയിലെ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും 200 രൂപയിലധികം ടിക്കറ്റിന് വാങ്ങരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം. എല്ലാ തിയറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിക്കാന്‍ ബജറ്റിലാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കന്നഡ സിനിമാമേഖലയെ പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാനം സ്വന്തമായി ഒടിടി. പ്ലാറ്റ്ഫോം രൂപവത്കരിക്കാനും സിനിമയ്ക്ക് വ്യവസായപദവി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

നന്ദിനി ലേഔട്ടില്‍ കര്‍ണാടക ഫിലിം അക്കാദമിയുടെ രണ്ടര ഏക്കര്‍ സ്ഥലത്ത് പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ പുതിയ മള്‍ട്ടിപ്ലക്‌സ് സമുച്ചയം നിര്‍മിക്കുമെന്നും സിദ്ധരാമയ്യ അറിയിച്ചു.

2017-ലും സിദ്ധരാമയ്യ സര്‍ക്കാര്‍ സിനിമാ ടിക്കറ്റ് നിരക്ക് 200 രൂപയാക്കി ഏകീകരിച്ചിരുന്നെങ്കിലും ഹൈക്കോടതി സ്റ്റേചെയ്തിരുന്നു. പിന്നീട് ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞദിവസം നിയമനിര്‍മാണ കൗണ്‍സിലില്‍ ജനതാദള്‍ എം.എല്‍.സി. ഗോവിന്ദരാജു ടിക്കറ്റ് നിരക്ക് ഏകീകരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതെന്തെന്ന് ചോദിച്ചിരുന്നു.

ഇതിന് മറുപടിയായി സര്‍ക്കാരിന് നിരക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്നും ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ടിക്കറ്റ് നിരക്ക് 200 രൂപയാക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം വന്നത്. ബജറ്റിലെ പ്രഖ്യാപനത്തിന് സിനിമ പ്രേമികളുടെ അകമഴിഞ്ഞ പിന്തുണയുണ്ട്. റിലീസ് ദിവസം സിനിമകള്‍ക്ക് ബെംഗളൂരുവും മൈസൂരുവും അടക്കമുള്ള നഗരങ്ങളില്‍ 1000 രൂപ വരെ ടിക്കറ്റ് നിരക്ക് ഈടാക്കുന്ന തിയറ്റര്‍ സമുച്ചയങ്ങളുണ്ട്.