'സവര്‍ക്കര്‍ അതിശക്തന്‍', സ്വാതന്ത്ര്യ സമര സേനാനികള്‍ക്കിടയില്‍ ഒരു വിപ്ലവകാരിയെന്ന് കര്‍ണാടക മുഖ്യമന്ത്രി

വീര്‍ സവര്‍ക്കര്‍ മഹാനായ രാജ്യസ്‌നേഹിയും സമര സേനാനികള്‍ക്കിടയിലെ വിപ്ലവകാരിയും ആയിരുന്നുവെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ‘സവര്‍ക്കര്‍- വിഭജനം തടയാന്‍ കഴിയുമായിരുന്ന മനുഷ്യന്‍’ ( Savarkar- The Man Who Could Have Prevented Partition) എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വീര്‍ സവര്‍ക്കര്‍ ഒരു കടുത്ത ദേശീയവാദിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ പുസ്തകം ഏറ്റവും പ്രസക്തമാണ്. വിഭജനം നമ്മുടെ രാജ്യത്ത് വലിയ സ്വാധീനം ചെലുത്തി. അതിന്റെ ആഘാതം ആരും വിശകലനം ചെയ്തിട്ടില്ല. നമ്മുടെ സംസ്‌കാരം വിഭജിക്കപ്പെട്ടിരിക്കുന്നു. വീര്‍ സവര്‍ക്കര്‍ നമ്മുടെ സംസ്‌കാരത്തെ ഏകത്വത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ അവിഭക്ത ഹിന്ദു സംസ്‌കാരം സാക്ഷാത്കരിക്കേണ്ടത് നമ്മുടെ കടമയാണ്.’ ബൊമ്മൈ പറഞ്ഞു.

ആഗോളവല്‍ക്കരണത്തിന്റെയും വാണിജ്യവല്‍ക്കരണത്തിന്റെയും കാലഘട്ടത്തിലും, നമ്മുടെ മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും നമ്മുടെ മനസ്സാക്ഷിയെ ഉണര്‍ത്താന്‍ കഴിയുമെന്ന് സവര്‍ക്കര്‍ തെളിയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Read more

‘സവര്‍ക്കര്‍ സ്വാതന്ത്ര്യ സമര സേനാനികളില്‍ വിപ്ലവകാരിയായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് അദ്ദേഹം ഒരു യഥാര്‍ത്ഥ അണുബോംബായിരുന്നു. അതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ ഈ രാജ്യത്തെ ജനങ്ങളില്‍ നിന്ന് അകറ്റി കാലാപാനിയില്‍ തടവിലാക്കിയത്.’ ബൊമ്മൈ കൂട്ടിച്ചേര്‍ത്തു. ബാബാസാഹേബ് അംബേദ്കറുമായി സവര്‍ക്കറിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.