കെജ്‌രിവാള്‍ വീണു, അടുത്തത് മമത; മോദിയുടെ ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍ 2026; തൃണമൂലിനെ ഉന്നംവെച്ച് ബിജെപി ക്യാമ്പ്

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ 15 വര്‍ഷം ഭരണത്തിന് ശേഷം മൂന്ന് ടേമില്‍ ബിജെപിയെ വിറപ്പിച്ച ആംആദ്മി പാര്‍ട്ടിയെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലാം അങ്കത്തില്‍ വീഴ്ത്തിയതിന്റെ ഊറ്റത്തിലാണ് ബിജെപി ക്യാമ്പ്. പ്രതിപക്ഷ നിരയിലെ വന്‍ ശബ്ദങ്ങളെ ഓരോന്നായി വീഴ്ത്തി തങ്ങളുടെ പാത തെളിയ്ക്കുന്ന ബിജെപി ഇനി ലക്ഷ്യമിടുന്നത് പശ്ചിമ ബംഗാളിലെ മമത ബാനര്‍ജിയെയാണ്. അരവിന്ദ് കെജ്രിവാളിനെ വീഴ്ത്തിയ ആവേശത്തില്‍ ബംഗാള്‍ 2026 ആണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപിയുടെ സുവേന്ദു അധികാരി അറിയിച്ചു കഴിഞ്ഞു. ബംഗാള്‍ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സുകന്ദ മജുംദാറും പിന്നാലെ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമറിയിച്ച് മമത ബാനര്‍ജിയ്ക്ക് മുന്നറിയിപ്പ് നല്‍കി.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ബംഗാളില്‍ നിന്നും തൂത്തെറിയുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. ബിജെപിയുടെ വിജയത്തില്‍ ഡല്‍ഹിയിലെ ബംഗാളി സമൂഹത്തോട് നന്ദി പറഞ്ഞുകൊണ്ടാണ് ബംഗാളാണ് ബിജെപിയുടെ അടുത്ത ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത്. അരവിന്ദ് കെജ്രിവാളിന് ഡല്‍ഹി തിരഞ്ഞെടുപ്പ് വാട്ടര്‍ലൂ ആണെങ്കില്‍ ഇനിയത് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിന് ഇറങ്ങുന്ന ബംഗാളിലെ മമതയ്ക്കാണെന്നാണ് മുതിര്‍ന്ന നേതാക്കളുടെ വാക്കുകള്‍.

Read more

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആംആദ്മി പാര്‍ട്ടിക്കായിരുന്നു. എന്നാല്‍ തലസ്ഥാന നഗരിയില്‍ ഇതു കാര്യമായ ചലനം സൃഷ്ടിച്ചില്ലെന്നാണു വിലയിരുത്തല്‍. പൂര്‍വ്വാഞ്ചലിനൊപ്പം ഡല്‍ഹിയിലെ ബംഗാളി ഭൂരിപക്ഷ മേഖലകളില്‍ ബിജെപി മികച്ച വിജയം നേടിയെന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. ബംഗാള്‍ ആണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്നും മമത ബാനര്‍ജിയെ പരാജയപ്പെടുത്താതെ ബിജെപിയുടെ വിജയം പൂര്‍ണമാകില്ലെന്നും സുകന്ദ മജുംദാര്‍ പറഞ്ഞു. അടുത്ത വര്‍ഷം നടക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയെ പരാജയപ്പെടുത്തുമ്പോള്‍ മാത്രമാണ് മോദിജിയുടെ സ്വപ്ന വിജയം കൈവരുകയെന്നും ബംഗാള്‍ അധ്യക്ഷന്‍ പറഞ്ഞു.