കേരളത്തിന് കിട്ടാനുള്ള വിഹിതത്തിന്റെ കണക്കെവിടെയെന്ന് കേന്ദ്രധനമന്ത്രി; കൈമലര്‍ത്തി കേരളത്തിന്റെ പ്രത്യേക പ്രതിനിധി; പുറത്തെത്തി മാധ്യമങ്ങളോട് അരിശം തീര്‍ത്ത് കെവി തോമസ്

ആശ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ കേന്ദ്രധനമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ പോയ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കണക്കുകള്‍ കാണിക്കാനാവാതെ മടങ്ങി. ചര്‍ച്ചയില്‍ നിര്‍മലാ സീതാരാമന്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെതോടെയാണ് പ്രൊഫ. കെ.വി. തോമസിന് കൈമലര്‍ത്തേണ്ടി വന്നത്.

സര്‍ക്കാരിന്റെ നോട്ട് കിട്ടിയാല്‍ അത് മന്ത്രിക്ക് നല്‍കുമെന്നും ഇപ്പോള്‍ തന്റെ കൈയില്‍ കണക്കൊന്നും ഇല്ലെന്നും തോമസ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായതിനാല്‍ അതിലെന്താണ് പ്രശ്‌നമെന്ന് പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചെന്നും ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നംമാത്രം അറിയിക്കാനല്ല മന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആശ പ്രവര്‍ത്തകരുടെ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

ആശാവര്‍ക്കര്‍മാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്‌നമെന്നാണ് കെ.വി. തോമസ് പ്രതികരിച്ചത്. തുടര്‍ന്ന് മറുപടി പൂര്‍ത്തിയാക്കാതെ അദ്ദേഹം മടങ്ങി.