നിതീഷ് കുമാറിനായി വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടുണ്ടെന്ന് ലാലു പ്രസാദ്; എന്താ കഥയെന്ന് ചിരിയോടെ ബിഹാര്‍ മുഖ്യമന്ത്രി; തിരിച്ചെത്തുമോ 'ബഡാ ഭായ് - ഛോട്ടാ ഭായ്' സഖ്യം

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് മുന്നില്‍ തങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) തലവന്‍ ലാലു പ്രസാദ് യാദവ് പറഞ്ഞതിന് പിന്നാലെ പുഞ്ചിരിയോടെ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിതീഷ് കുമാര്‍. ലാലു പ്രസാദ് യാദവിന്റെ ‘വാതില്‍ തുറന്നിരിക്കുന്നു’ എന്ന പ്രയോഗത്തെ കുറിച്ച് ഗൂഢമായ ചിരിയാണ് നിതീഷ് മറുപടിയായി നല്‍കിയത്. പ്രതിപക്ഷമായ ഇന്ത്യാ ബ്ലോക്കില്‍ വീണ്ടും ചേരാന്‍ നിതീഷ് കുമാറിന് മുന്നില്‍ അവസരമുണ്ടെന്ന് ബിഹാറിലെ പ്രതിപക്ഷത്തിന്റെ അമരക്കാരന്‍ തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതിന്റെ രാഷ്ട്രീയവശം കൂടി കണ്ടാണ് മാധ്യമപ്രവര്‍ത്തകരോടുള്ള നിതീഷിന്റെ നിങ്ങള്‍ എന്താണീ പറയുന്നതെന്ന ചിരിയോടെയുള്ള ചോദ്യം.

ലാലു യാദവിന്റെ ഇന്ത്യ മുന്നണിയില്ക്കുള്ള വാതിലുകള്‍ നിതീഷിനായി തുറന്നു കിടക്കുന്നുവെന്നും ഇനി ഗേറ്റിന്റെ താഴ് തുറന്നിടേണ്ടത് ജെഡിയു നേതാവാണെന്നുമാണ് മുന്‍ ബിഹാര്‍ മുഖ്യമന്ത്രി പറഞ്ഞത്.

നിതീഷ് കുമാറിനായി ഞങ്ങളുടെ വാതിലുകള്‍ തുറന്നിരിക്കുന്നു. അദ്ദേഹം തന്റെ ഗേറ്റുകളും താഴും തുറന്നുവെയ്ക്കണം. ഇത് ഇരുവശത്തുമുള്ള ആളുകളുടെ സഞ്ചാരം സുഗമമാക്കും.

ലാലുവിന്റെ പരാമര്‍ശങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ബിജെപി സഖ്യത്തോടെ ഭരിക്കുന്ന നിതീഷിനോട് ചോദ്യം ചോദിച്ചപ്പോള്‍ കൈകള്‍ കൂപ്പി, പുഞ്ചിരിച്ചു കൊണ്ട് കൂടുതല്‍ വിശദീകരിക്കാതെ, നിങ്ങള്‍ എന്താണ് പറയുന്നത്? എന്ന് ചിരിയോടെ ചോദിച്ച് ചോദ്യത്തിന് മറുചോദ്യം കൊണ്ട് തടയിടുകയായിരുന്നു. എന്തായാലും ലാലു പ്രസാദ് യാദവ്
അഭിമുഖത്തിനിടെ പറഞ്ഞ കാര്യങ്ങള്‍ ബിഹാറിലെ രാഷ്ട്രീയത്തില്‍ നടക്കാത്ത കാര്യമല്ലെന്നതാണ് വസ്തുത. മുമ്പും ബിജെപി വിട്ട് ആര്‍ജെഡിയ്‌ക്കൊപ്പം നിന്ന് മന്ത്രിയാവുകയും തിരിച്ച് ബിജെപിയിലേക്ക് ചാടുകയും ചെയ്തിട്ടുണ്ട് നിതീഷ് കുമാര്‍. ഏറ്റവും ഒടുവില്‍ 2024ലും ഇത് ബിഹാര്‍ കണ്ടതാണ്.

പ്രക്ഷുബ്ധമായ കൂട്ടുകെട്ടു ചരിത്രമാണ് ഇരുപാര്‍ട്ടിയ്ക്കും ഉള്ളതെന്നാലും കഴിഞ്ഞ 10 വര്‍ഷത്തിനിടെ രണ്ട് തവണ ഇരുകൂട്ടരും സഖ്യത്തിലെത്തി ഭരിച്ചിരുന്നു. ലാലു യാദവിന്റെ പ്രസ്താവന ബീഹാറിലെ രാഷ്ട്രീയ വൃത്തങ്ങളില്‍ ‘ബഡാ ഭായ്, ഛോട്ടാ ഭായ്’ ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിവെച്ചു. രണ്ട് മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ജെഡിയുവിനേയും ആര്‍ജെഡിയേയും കൂട്ടിവിളക്കി സഖ്യമുണ്ടാക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂടിയിട്ടുണ്ട്.

ലാലു പ്രസാദ് യാദവിന്റെ മകനും ആര്‍ജെഡി നേതാവുമായി മുന്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തന്റെ പിതാവിന്റെ പരാമര്‍ശങ്ങള്‍ ‘മാധ്യമങ്ങളുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താന്‍’ നടത്തിയതാണെന്നുള്ള ഒഴുക്കന്‍ പ്രതികരണമാണ് നടത്തിയത്. ബിഹാറിലെ പ്രതിപക്ഷ നേതാവായ തേജസ്വി യാദവ് പുതിയ ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കവെയാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. അദ്ദേഹം മറ്റെന്താണ് പറയുകയെന്ന ചോദ്യവും തേജസ്വി പരിഹാസത്തോടെ ചോദിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ അന്ത്യത്തിന് പുതിയ വര്‍ഷം സാക്ഷ്യം വഹിക്കുമെന്ന് പറയാനും തേജസ്വി യാദവ് അവസരത്തില്‍ മറന്നില്ല. നിചതീഷ് കുമാര്‍ അടുത്ത ഉപദേഷ്ടാക്കളുടെ ചെറിയ സംഘത്തിന്റെ ബന്ദിയാക്കപ്പെട്ടാണ് ഭരിക്കുന്നതെന്നും ബിഹാറിനെ സ്വതന്ത്രമായി നയിക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലാലു യാദവിന്റെ പരാമര്‍ശം കേന്ദ്രമന്ത്രിയും ജെഡിയു നേതാവുമായ ലലന്‍ സിംഗ് തള്ളി. ‘എന്‍ഡിഎ ശക്തമാണെന്നും ജെഡിയുവും ബിജെപിയും ഒരുമിച്ചാണെന്നും പറഞ്ഞാണ് യാദവിന്റെ പരാമര്‍ശങ്ങളെ ലലന്‍ തള്ളിയത്.