ലാവലിന്‍ കേസ് 38ാം തവണയും മാറ്റിവച്ചു; സിബിഐക്ക് കേസെടുക്കാന്‍ താത്പര്യമില്ലെന്ന് പ്രോസിക്യൂഷന്‍

എസ്എന്‍സി ലാവലിന്‍ കേസ് 38ാം തവണയും മാറ്റിവച്ചു. ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് കെവി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇത് 38-ാം തവണയാണ് കേസ് സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്യുന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.

മെയ് 1ന് കോടതി കേസ് വീണ്ടും പരിഗണിക്കും. ഒക്ടോബര്‍ 31 നാണ് കേസ് അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

Read more

കേസില്‍ കക്ഷികളില്‍ ഒരാളുടെ അഭിഭാഷകന്‍ സിബിഐക്ക് കേസെടുക്കാന്‍ താത്പര്യമില്ലെന്നും കേസ് മുപ്പത് തവണയില്‍ കൂടുതല്‍ മാറ്റിവച്ചെന്നും കോടതിയില്‍ വാദിച്ചു. അതേസമയം കോടതി ഏത് സമയം പറഞ്ഞാലും വാദിക്കാന്‍ തയ്യാറാണെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.