രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെ ജയ്പുർ മൃഗശാലയിലെ സിംഹത്തിനും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ മൃഗങ്ങളിലും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ആശങ്കയാകുന്നു.
ജയ്പുർ മൃഗശാലയിലെ ത്രിപുർ എന്ന സിംഹത്തിന് രോഗബാധയുണ്ടായതായി ഇന്ത്യൻ വെറ്റിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.വി.ആർ.ഐ) അധികൃതരാണ് അറിയിച്ചത്. 13 മൃഗങ്ങളുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇതിൽ മൂന്നു സിംഹവും മൂന്നു കടുവയും ഒരു പുള്ളിപുലിയും ഉൾപ്പെടും. പുള്ളിപുലി, വെള്ളക്കടുവ, പെൺസിംഹം എന്നിവയുടെ സാമ്പിളുകളുടെ പരിശോധന ഫലത്തിൽ അവ്യക്തതയുള്ളതിനാൽ വീണ്ടും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
Read more
നേരത്തെ ഹൈദരാബാദ് മൃഗശാലയിലെ എട്ട് ഏഷ്യൻ സിംഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, പഞ്ചാബിലെയും ഉത്തർപ്രദേശിലെയും മൃഗശാലകളിൽനിന്ന് ലഭിച്ച സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണെന്ന് ഐ.വി.ആർ.ഐ ജോയിന്റ് ഡയറക്ടർ കെ.പി. സിങ് പറഞ്ഞു. മൃഗങ്ങളെ പരിപാലിക്കുന്ന രോഗലക്ഷണങ്ങളില്ലാത്ത മനുഷ്യരിൽനിന്നാകാം രോഗം മൃഗങ്ങളിലേക്ക് പകർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.