അസംഗഡും, രാംപൂരും പോളിംഗ് ബൂത്തിലേക്ക്;യു.പിയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്

യുപിയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഖിലേഷ് യാദവും അസംഖാനും രാജിവെച്ച, അസംഗഡ്‌, രാംപൂർ മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. വോട്ടിംഗ് രാവിലെ 7 മണിയോടെ ആരംഭിച്ചു. ഇരു മണ്ഡലങ്ങളിലും സമാജ്‍വാദി പാർട്ടിയും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരം.

അഖിലേഷ് യാദവ് സ്ഥാനമൊഴിഞ്ഞ അസംഖഡിൽ സമാജ്‍വാദി പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്നത് അഖിലേഷിന്റെ ബന്ധുവും മുൻപ് മൂന്നു തവണ എംപിയുമായിരുന്ന ധർമേന്ദ്ര യാദവാണ്. ഭോജ്പുരിയിലെ ജനപ്രിയ നടനും ഗായകനുമായ ദിനേശ് ലാൽ യാദവാണ് ബി.ജെ.പി സ്ഥാനാർത്ഥി.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ടര ലക്ഷം വോട്ടുകൾക്കാണ് ദിനേശ് ലാൽ അഖിലേഷിനോട് പരാജയപ്പെട്ടത്. രാംപൂരിൽ അസം ഖാൻറെ വിശ്വസ്തനായ അസിംരാജയാണ് സമാജ്‍വാദി പാർട്ടി സ്ഥാനാർത്ഥി. സമാജ്‍വാദി പാർട്ടിയിൽ നിന്നും കൂറുമാറിയ ഘനശ്യാം ലോധിയാണ് ബി.ജെ.പി സ്ഥാനാർത്ഥി.

രണ്ട് മണ്ഡലങ്ങളും സമാജ്‌വാദി ശക്തികേന്ദ്രങ്ങളായതിനാൽ തിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. രണ്ട് മണ്ഡലങ്ങളിലും ബി.എസ്.പി സ്ഥാനാർത്ഥികളും മത്സരിക്കുന്നണ്ട്.