ഗോഡ്സെയെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ ഹിന്ദു മഹാസഭയുടെ പൂജ; അന്വേഷണത്തിന് ഉത്തരവിട്ട് മധ്യപ്രദേശ് സര്‍ക്കാര്‍

ഗാന്ധിയെ വധിച്ചതിന് തൂക്കിലേറ്റപ്പെട്ട നാഥുറാം ഗോഡ്സെയുടെ 70-ാം ചരമ വാര്‍ഷിക ദിനത്തില്‍ പ്രത്യേക പൂജ നടത്തിയ ഹിന്ദു മഹാസഭാ അംഗങ്ങള്‍ക്കെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന നിയമമന്ത്രി പി.സി ശര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹിന്ദുമഹാസഭാ പ്രവര്‍ത്തകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഗ്വാളിയോര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശര്‍മ്മ പറഞ്ഞു.

വിഷയം അന്വേഷിച്ചു വരികയാണെന്നും അന്വേഷണത്തിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഗ്വാളിയര്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് സതേന്ദ്ര തോമര്‍ പറഞ്ഞു.

ഗോഡ്സെയുടെയും അദ്ദേഹത്തിന്റെ സഹായി നാരായണ ആപ്‌തെയുടെയും വധശിക്ഷയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇന്നലെ ഹിന്ദു മഹാസഭാ അംഗങ്ങള്‍ ഗ്വാളിയര്‍ ഓഫീസില്‍ പരിപാടി സംഘടിപ്പിച്ചത്.

ഗോഡ്‌സെയെ വിചാരണ ചെയ്ത നടപടി മധ്യപ്രദേശിലെ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും ഹിന്ദുമഹാസഭാ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. മഹാസഭയിലെ അംഗങ്ങള്‍ ഗോഡ്സെയുടെയും ആപ്തയുടെയും ചിത്രത്തില്‍ മാലയിടുകയും പൂജയും ആരതിയും നടത്തുകയുമായിരുന്നു.

Read more

അതേസമയം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജൈവീര്‍ ഭരദ്വാജ് രംഗത്തെത്തി.