മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹെലികോപ്റ്ററും ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍. ഹെലികോപ്റ്ററിനുള്ളില്‍ ഉദ്യോഗസ്ഥര്‍ തന്റെ ബാഗുകള്‍ പരിശോധിക്കുന്നതിന്റെ വീഡിയോ അമിത് ഷാ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ നിയമങ്ങളും പാലിക്കുമെന്നും ന്യായമായ തെരഞ്ഞെടുപ്പിലും ആരോഗ്യകരമായ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലും ബിജെപി വിശ്വസിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതോടെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സമ്മാനങ്ങളും പണവും വിതരണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പതിവായി പരിശോധനകള്‍ നടത്തുന്നുണ്ട്. ശിവസേന-യുബിടി നേതാവ് ഉദ്ധവ് താക്കറെ തിങ്കളാഴ്ച യവത്മാലില്‍ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

അതേസമയം, ഇന്ദിരാ ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങിവന്നാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ ജിന്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ പരാമര്‍ശം. നവംബര്‍ 23 ന് അഘാഡി തുടച്ചുനീക്കപ്പെടും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ മഹായുതി സര്‍ക്കാര്‍ വീണ്ടും രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്ത, മുത്തലാഖ് നിര്‍ത്തലാക്കുന്നതിനെ എതിര്‍ത്ത, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ത്ത, സര്‍ജിക്കല്‍ സ്ട്രൈക്കിനെ എതിര്‍ത്തവരുടെ കൂടെയാണ് ഉദ്ധവ് താക്കറെ ഇരിക്കുന്നതെന്ന് അമിത് ഷാ വിമര്‍ശിച്ചു. ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചവര്‍ക്കൊപ്പമാണ് ശിവസേന ഇപ്പോള്‍ ഉള്ളത്. 400 വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങളും കര്‍ഷകരുടെ ഭൂമിയും ജനങ്ങളുടെ വീടുകളും വഖഫ് സ്വത്തായി മാറി. വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ ബില്‍ കൊണ്ടുവന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയും ശരദ് പവാറും ഇതിനെ എതിര്‍ക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.