സിബിഐ റെയ്ഡിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. സിബിഐ എന്റെ വീട്ടിലും തിരഞ്ഞെടുപ്പ് ഓഫീസിലും തെരച്ചിൽ നടത്തുമ്പോൾ ഞങ്ങൾ, ഞങ്ങൾക്കെതിരെയുള്ള ബിജെപി സ്ഥാനാർഥികളെ തിരയുകയാണ് എന്നായിരുന്നു മഹുവ മൊയ്ത്ര ‘എക്സി’ൽ കുറിച്ചത്.
‘സിബിഐ എന്റെ വീട്ടിലും തിരഞ്ഞെടുപ്പ് ഓഫീസിലും ഇന്ന് വന്നു. വളരെ മര്യാദയുള്ളവരായിരുന്നു. തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം, ഞാനും സയോനി ഘോഷും ഇപ്പോഴും ഞങ്ങൾക്കെതിരെയുള്ള ബിജെപി സ്ഥാനാർഥികളെ തിരയുകയാണ്’- എന്നായിരുന്നു എക്സിലെ പോസ്റ്റ്. തൃണമൂൽ യൂത്ത് കോൺഗ്രസ് അധ്യക്ഷയും യാദവ്പുരിലെ സ്ഥാനാർഥിയുമായ സയോനി ഘോഷിന്റെ കൂടെ ബൈനോക്കുലറിലൂടെ വീക്ഷിക്കുന്ന ചിത്രവും കുറുപ്പിനൊപ്പം മഹുവ പങ്കുവെച്ചിട്ടുണ്ട്.
The CBI came home & to my election offices today. Were very polite. Searched. Found nothing. Meanwhile @sayani06 & I still searching for BJP candidates against us . pic.twitter.com/njt8VXWnuH
— Mahua Moitra (@MahuaMoitra) March 23, 2024
ശനിയാഴ്ചയാണ് സിബിഐ സംഘം മഹുവയുടെ വീട്ടിലും വിവിധ ഓഫിസുകളിലും പരിശോധന നടത്തിയത്. ചോദ്യത്തിനു കോഴ വാങ്ങിയെന്ന കേസിലാണു പരിശോധന. മാതാപിതാക്കളുടെ അലിപ്പൂരിലെ അപ്പാർട്ട്മെന്റ്, കൃഷ്ണനഗറിലെ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫിസ്, കരിമ്പൂരിലെ താമസസ്ഥലം ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
വ്യാഴാഴ്ച ലോക്പാലിന്റെ നിർദേശപ്രകാരം മഹുവക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. കേസിലെ പ്രാഥമിക കണ്ടെത്തലുകൾ അടുത്തിടെ ലോക്പാലിന് മുന്നിൽ സിബിഐ സമർപ്പിച്ചിരുന്നു. അതേസമയം എഫ്ഐആറിന്റെ പകർപ്പ് കണ്ടിട്ടില്ലെന്നും സിബിഐ അവ അപ്ലോഡ് ചെയ്തിട്ടില്ലെന്നും മഹുവ പറഞ്ഞു.
Read more
‘അഞ്ച് മണിക്കൂറോളം അവർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് ഇതെല്ലാം എന്താണ് അർഥമാക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഓരോ തവണയും എനിക്കെതിരെ കാര്യങ്ങൾ ചെയ്യുമ്പോൾ തനിക്ക് അനുകൂലമായ വോട്ടുകൾ ഉയരുകയേ ചെയ്യൂ’വെന്നും മഹുവ പറഞ്ഞു. കൃഷ്ണനഗറിൽ നിന്നാണ് മഹുവ ഇത്തവണ വീണ്ടും ജനവിധി തേടുന്നത്.