ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. ലോക്‌സഭയില്‍ ബെഞ്ചില്‍ റിപ്പോര്‍ട്ട് വെച്ചതോടെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ സഖ്യം ഉയര്‍ത്തിയത്. മഹുവ മോയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കണമെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് 6:4ന് ആണ് ഭരണപക്ഷത്തിന് ഭൂരിപക്ഷമുള്ള കമ്മിറ്റി പാസാക്കിയെടുത്തത്. ഈ റിപ്പോര്‍ട്ട് സഭയില്‍ വെച്ചതോടെ ലോക്‌സഭയിലെ അംഗങ്ങളും സ്പീക്കര്‍ ഓം ബിര്‍ലയുമാണ് പുറത്താക്കലില്‍ അന്തിമ നടപടിയെടുക്കേണ്ടത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി മഹുവയുടെ പുറത്താക്കല്‍ ഒഴിവാക്കാന്‍ പ്രതിപക്ഷം സഭയില്‍ പ്രതിഷേധം തുടങ്ങി. വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തി. പിന്നാലെ ലോക്‌സഭ രണ്ട് മണി വരെ പിരിഞ്ഞു.
12 മണിക്ക് വോട്ടെടുപ്പ് നടത്താനായി പാര്‍ലമെന്റ് ചേര്‍ന്നപ്പോള്‍ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമുയര്‍ത്തിയത്. ബിജെപി മുഴുവന്‍ എംപിമാര്‍ക്കും ഇന്ന് സഭയില്‍ ഹാജരാകാനുള്ള വിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സഭയില്‍ ശക്തമായ ചോദ്യം ഉന്നയിക്കുന്ന മഹുവയെ കണ്ണിലെ കരടായി കാണുന്ന ബിജെപി എങ്ങനേയും മഹുവയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കാനാണ് ഈ അവസരം ഉപയോഗിക്കുന്നത്. മഹുവ മൊയ്ത്രക്കെതിരായ നടപടി പകപോക്കല്‍ മാത്രമാണെന്ന് സിപിഎമ്മും നിലാപാട് വ്യക്തമാക്കിയിട്ടുണ്ട്. ആരോപണങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്നും സ്വകാര്യജീവിതത്തിലുണ്ടാകുന്ന വിഷയങ്ങള്‍ പര്‍വതീകരിച്ച് അംഗത്തെ പുറത്താക്കുന്നത് പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമാകുമെന്നും സിപിഎം പ്രതികരിച്ചു. നടപടിയെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യ സംഖ്യം എംപിമാര്‍ പാര്‍ലമെന്റിന്റെ നടുക്കളത്തിലിറങ്ങി പ്രതിഷേധിക്കുകയും മഹുവയുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി സഭയില്‍ ശബ്ദമുയര്‍ത്തുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ ലോക്‌സഭ രണ്ട് മണിവരെ നിര്‍ത്തിവെയ്ക്കുകയാണ് ചെയ്തത്.
മഹുവയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്ന് 12ന് സഭ ചര്‍ച്ചയ്ക്ക് എടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. റിപ്പോര്‍ട്ട് എടുക്കുമ്പോള്‍ സംസാരിക്കാന്‍ അനുവദിക്കാമെന്ന് സ്പീക്കര്‍ ഓം ബിര്‍ല പറഞ്ഞെങ്കിലും വിഷയം സംസാരിച്ചേ മതിയാകൂവെന്ന നിലപാടിലായിരുന്നു ഇന്ത്യ മുന്നണി.
ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപി അംഗങ്ങളെല്ലാം സഭയില്‍ ഹാജരാകണമെന്നു വിപ്പ് നല്‍കിയത് മഹുവയോടുള്ള രാഷ്ട്രീയ പകപോക്കലിന്റെ ദൃഷ്ടാന്തമായിരുന്നു. മഹുവയെ പുറത്താക്കുന്ന നടപടിയെ എതിര്‍ക്കുമെന്ന് ‘ഇന്ത്യ’ മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ മുന്നണിയിലെ പ്രധാനിയായ കോണ്‍ഗ്രസും എല്ലാ അംഗങ്ങളും സഭയിലെത്തണമെന്ന് വിപ്പ് നല്‍കിയിട്ടുണ്ട്.
ശീതകാലസമ്മേളനത്തിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച തന്നെ വിഷയം പട്ടികയിലുണ്ടായിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. വിഷയത്തില്‍ വിപുലമായ ചര്‍ച്ച ആവശ്യമാണെന്നും പ്രതിപക്ഷം ആവശ്യം ഉന്നയിച്ചിട്ടുണ്ട്. രാവിലെ പാര്‍ലമെന്റിലെത്തിയ മഹുവ ശക്തമായ ഭാഷയിലാണ് നടപടിയെ കുറിച്ച് പ്രതികരിച്ചത്.
വസ്ത്രാക്ഷേപമാണ് അവര്‍ നടത്തിയത്, ഇനി മഹാഭാരത യുദ്ധം നിങ്ങള്‍ക്ക് കാണാം. മാ ദുര്‍ഗ വന്നിരിക്കുകയാണ്, ഇനി നമുക്ക് കാണാം. നാശം മനുഷ്യനിലേക്ക് എത്തുമ്പോള്‍ ആദ്യം നശിക്കുന്നത് വിവേകമായിരിക്കും.
ബിജെപി അംഗം വിനോദ് സോങ്കര്‍ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റി മഹുവയ്ക്കെതിരെ പുറത്താക്കല്‍ നടപടി വേണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്.
#WATCH | TMC MP Mahua Moitra says, “Maa Durga aa gayi hai, ab dekhenge…Jab naash manuj par chhata hai, pehle vivek mar jaata hai. They have started ‘vastraharan’ and now you will watch ‘Mahabharat ka rann’.”
Ethics Panel report on her to be tabled in Lok Sabha today. pic.twitter.com/r28o2ABVbB
— ANI (@ANI) December 8, 2023
അദാനി ഗ്രൂപ്പിനെതിരെ ചോദ്യമുന്നയിക്കാന്‍ ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്നു കോഴ സ്വീകരിച്ചെന്നും ചോദ്യങ്ങള്‍ നല്‍കാനുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ മെംബേഴ്‌സ് പോര്‍ട്ടലിന്റെ ലോഗിന്‍ ഐഡിയും പാസ്‌വേഡും ഹിരാനന്ദാനിക്കു കൈമാറിയെന്നതുമാണു മഹുവയ്‌ക്കെതിരായ വിവാദം. ലോക്‌സഭയില്‍ മഹുവ ചോദിച്ച 61 ചോദ്യങ്ങളില്‍ 51 എണ്ണവും വ്യവസായിയുടെ താല്‍പര്യങ്ങള്‍ പ്രകാരമാണെന്നും ഇതിനായി പണം വാങ്ങിയെന്നുമാണ് ആരോപണം. തന്റെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്വേഡും സുഹൃത്തായ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിക്കു കൈമാറിയിരുന്നെന്നും എന്നാല്‍ ഇതിന്റെ പേരില്‍ പണം കൈപ്പറ്റിയിട്ടില്ലെന്നുമാണ് മഹുവ മൊഴി നല്‍കിയത്. മഹുവ പണം കൈപ്പറ്റിയതിന് തെളിവുകളും ഇല്ല.