ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് മലബാർ സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷിത്വം വരിച്ച 387 രക്തസാക്ഷികളുടെ പേരുകൾ നീക്കം ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര സാംസ്‌കാരിക മന്ത്രി കിഷന്‍ റെഡ്ഡിയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.
സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് ആലി മുസ്‌ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരടക്കമുള്ള 387 രക്തസാക്ഷികളുടെ പേരുകള്‍ നീക്കം നീക്കം ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പി.വി. അബ്ദുല്‍ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.
Read more
മലബാര്‍ സ്വാതന്ത്ര്യ സമരപോരാളികളെ നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമാകുന്ന എന്ത് പുതിയ തെളിവുകളാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെട്ടത് എന്നായിരുന്നു പി.വി അബ്ദുൽ വഹാബ് എം.പി ചോദിച്ചത്. മാതൃരാജ്യത്തെ മോചിപ്പിക്കാനുള്ള മലബാര്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗസന്നദ്ധതയെ അംഗീകരിക്കാനും അഭിനന്ദിക്കാനും രാജ്യം തയാറാകണമെന്ന് ശൂന്യവേളയില്‍ അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടപ്പോള്‍ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അതിനെ പിന്തുണച്ച് രംഗത്തുവന്നു.