ഉത്തർപ്രദേശിനെ വിറപ്പിച്ച് നരഭോജി ചെന്നായ്ക്കൾ; കൊല്ലപ്പെട്ടത് ഏഴ് കുട്ടികളടക്കം എട്ടുപേർ

ഉത്തർപ്രദേശിനെ വിറപ്പിച്ച് നരഭോജി ചെന്നായ്ക്കൾ. ഏഴ് കുട്ടികളടക്കം എട്ടുപേരെയാണ് ചെന്നായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. നാല് ചെന്നായ്ക്കളെ ബെഹ്റൈഞ്ച് പ്രദേശത്ത് നിന്നും നിലവിൽ പിടികൂടിയിട്ടുണ്ട്. ഓപ്പറേഷൻ ഭേദിയ എന്ന പേരിൽ 25 അംഗ വനംവകുപ്പ് സംഘത്തിന്റെ 72 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് നരഭോജികളായ നാല് ചെന്നായ്ക്കൾ വലയിലായത്. അതേസമയം സ്ഥലത്ത് ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്.

ഒന്നര മാസത്തിനിടെയാണ് 7 കുട്ടികളും ഉൾപ്പെടെ ഒരു സ്ത്രീയും മേഖലയിൽ കൊല്ലപ്പെട്ടത്. ചെന്നായ്ക്കളുടെ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്‌ച രാത്രി ചെന്നായയുടെ ആക്രമണത്തിൽ പിഞ്ചു കുഞ്ഞ് കൊല്ലപ്പെട്ടിരുന്നു. അതേസമയം പിടികൂടിയ ചെന്നായ്ക്കളെ മൃഗശാലയിലേക്ക് കൊണ്ടുപോയി. രണ്ട് ചെന്നായ്ക്കളെ ഇനിയും പിടികൂടാനുണ്ട്. ചെന്നായക്കൂട്ടത്തെ പിടികൂടാൻ ‘ഓപ്പറേഷൻ ഭേദിയ’ ആരംഭിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഓപ്പറേഷൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

ചെന്നായ്ക്കളെ പിടികൂടാൻ 16 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രോൺ ക്യാമറകളും തെർമൽ ഡ്രോൺ മാപ്പിംഗ് സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ചെന്നായ്ക്കളെ പിടികൂടുന്നത്. ആനയുടെ ചാണകവും മൂത്രവും ഉപയോഗിച്ച് ചെന്നായ്ക്കളുടെ വഴി തിരിച്ചുവിടാനും ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. വാതിലുകൾ ഇല്ലാത്ത വീടുകളിൽ വാതിലുകൾ സ്ഥാപിക്കുന്നുണ്ടെന്നും എല്ലാ ഗ്രാമങ്ങളിലും രാത്രി പട്രോളിംഗ് നടത്തുന്നുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് മോണിക്ക റാണി പറഞ്ഞു.

Read more