പിതാവിന്റെ മൃതദേഹത്തെ സാക്ഷിയാക്കി വിവാഹം ചെയ്ത് മകന്‍; മൃതശരീരത്തോടൊപ്പം ഇരുന്ന് ചിത്രവും

വിവാഹദിവസത്തിനു മുമ്പേ പിതാവ് മരിച്ചതിനാല്‍ മൃതദേഹത്തെ സാക്ഷിയാക്കി വിവാഹം ചെയ്ത് മകന്‍. തമിഴ്നാട്ടിലെ വില്ലുപുരത്തിനടുത്ത തിണ്ടിവനത്താണ് വിചിത്രമായ വിവാഹം. കസേരയില്‍ ഇരുത്തിയ പിതാവിന്റെ ശരീരത്തിനൊപ്പം നിന്ന് മകനും വധുവും എടുത്ത ചിത്രവും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

തിണ്ടിവനം സ്വദേശിയും അധ്യാപകനുമായ അലക്സാണ്ടറും സഹപ്രവര്‍ത്തകയായ അന്നപൂര്‍ണാനിയും തമ്മിലാണ് വിവാഹം കഴിച്ചത്. സെപ്തംബര്‍ രണ്ടിന് വിവാഹം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഓഗസ്റ്റ് ഒമ്പതിന് പിതാവ് ദേവമണി അന്തരിച്ചു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് തന്റെ വീട്ടില്‍വെച്ചുതന്നെ വിവാഹം നടത്തുന്നതിന് വധുവിന്റെ വീട്ടുകാരോട് അലക്സാണ്ടര്‍ അനുവാദം ചോദിച്ചു. വധുവിന്റെ ബന്ധുക്കള്‍ സമ്മതിച്ചതോടെ അന്നു വൈകുന്നേരംതന്നെ വിവാഹച്ചടങ്ങ് നടത്തുകയും ചെയ്തു.

Read more

മകന്റെ വിവാഹം നടന്നു കാണണമെന്നത് ദേവമണിയുടെ വലിയ അഭിലാഷമായിരുന്നു. അതുകൊണ്ടാണ് സംസ്‌കാരത്തിനു മുന്നേ മൃതദേഹത്തെ സാക്ഷിയാക്കി വിവാഹം നടത്താന്‍ തീരുമാനിച്ചതെന്ന് അലക്സാണ്ടറുടെ ബന്ധുക്കളിലൊരാള്‍ പറഞ്ഞു. കല്യാണത്തിന് നേരത്തെ നിശ്ചയിച്ച ദിവസം വിവാഹസത്കാരം നടത്താന്‍ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിനു ശേഷം പിറ്റേദിവസം ദേവമണിയുടെ ശവസംസ്‌കാരം നടന്നു.