'45 വര്‍ഷമായി വിവാഹിതനാണ്, ഞാന്‍ ദേഷ്യപ്പെടില്ല', ചൂടേറിയ ചര്‍ച്ചയ്ക്കിടയില്‍ രാജ്യസഭയെ പൊട്ടിച്ചിരിപ്പിച്ച് ഖാര്‍ഗെയോട് ചെയര്‍മാന്‍!

മണിപ്പൂര്‍ വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ചൂടേറിയ വാഗ്വാദങ്ങള്‍ക്കിടയില്‍ സഭയില്‍ പൊട്ടിച്ചിരി ഉയര്‍ത്തി രാജ്യസഭ ചെയര്‍മാനും കോണ്‍ഗ്രസ് അധ്യക്ഷനും തമ്മിലുള്ള സംസാരം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറും തമ്മിലുള്ള വാക്‌പോരിന് ഇടയിലാണ് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ സഭയെ ചിരിപ്പിച്ച രാജ്യസഭാ ചെയര്‍മാന്റെ പ്രതികരണമുണ്ടായത്.

ചട്ടം 267 പ്രകാരം മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ആവശ്യപ്പെടുന്നതിനിടയില്‍ ചട്ടം 176 പ്രകാരം ഭരണപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചെയര്‍മാന്‍ മറുപടി പറഞ്ഞു. ഈ നിലപാട് കാരണം കഴിഞ്ഞ രണ്ടാഴ്ചയായി സഭാ നടപടികള്‍ തടസ്സപ്പെടുകയാണ്.

റൂള്‍ 267 പ്രകാരമുള്ള ചര്‍ച്ച മറ്റെല്ലാ നടപടികളും മാറ്റിവെച്ച് മണിപ്പൂര്‍ പ്രശ്‌നം മുന്‍ഗണനാക്രമത്തില്‍ എടുക്കണമെന്ന് ആവശ്യപ്പെടുന്നതാണ്. ഇതിന് മുമ്പും സഭയില്‍ ഇത് നടന്നിട്ടുള്ളതാണെന്നും ഇത് എങ്ങനെ ഒരു അന്തസ്സിന്റെ പ്രശ്‌നമായി മാറിയെന്നത് തനിക്ക് മനസ്സിലാകുന്നില്ലെന്നും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. റൂള്‍ 267 പ്രകാരം ഒരു ചര്‍ച്ച നടത്തുന്നതിന് പ്രത്യേക കാരണമുണ്ടാകണമെന്ന് നിങ്ങള്‍ ഞങ്ങളോട് പറഞ്ഞു. ആ കാരണം ഞങ്ങള്‍ താങ്കളെ ബോധിപ്പിച്ചിട്ടുണ്ടെന്നും ഖാര്‍ഗെ ചെയര്‍മാനോട് പറഞ്ഞു. ഇന്നലെ താങ്കളോട് ഞാന്‍ ഇക്കാര്യം അഭ്യര്‍ത്ഥിച്ചിരുന്നു പക്ഷേ താങ്കള്‍ ദേഷ്യത്തിലായിരുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞതിന് ചിരിയോട് കൂടിയാണ് ജഗ്ദീപ് ധന്‍ഖര്‍ മറുപടി നല്‍കിയത്.

ഞാന്‍ 45 വര്‍ഷത്തിലധികമായി വിവാഹിതനായ ആളാണ്, ഞാന്‍ ഒരിക്കലും ദേഷ്യപ്പെടില്ല.

ഉപരാഷ്ട്രപതിയായ ജഗ്ദീപ് ധന്‍ഖറിന്റെ ഇത്തരത്തിലുള്ള മറുപടി സഭയില്‍ കൂട്ടച്ചിരിക്ക് ഇടയാക്കി. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ പരാമര്‍ശിച്ച് ജഗ്ദീപ് ധന്‍ഖര്‍ തന്റെ മറുപടി പൂര്‍ത്തിയാക്കി.

‘മിസ്റ്റര്‍ ചിദംബരം, വളരെ പ്രഗത്ഭനായ മുതിര്‍ന്ന അഭിഭാഷകനാണ് അത് കൊണ്ട് താങ്കള്‍ക്ക് ഇതറിയാമല്ലോ. മുതിര്‍ന്ന അഭിഭാഷകന്‍ എന്ന നിലയില്‍ നമ്മളുടെ ദേഷ്യം അധികാര കേന്ദ്രങ്ങളോട് കാണിക്കാന്‍ നമുക്ക് അവകാശമില്ലല്ലോ. ഖര്‍ഗെ ഒരു അതോറിറ്റിയാണല്ലോ, സാര്‍.’

ഖാര്‍ഗെയുടെ ദേഷ്യ പരാമര്‍ശത്തില്‍ മാറ്റം വരുത്താന്‍ ചെയര്‍മാന്‍ ചിരിയോടെ ആവശ്യപ്പെട്ടപ്പോള്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മറുപടി പറഞ്ഞതിങ്ങനെയായിരുന്നു.

‘നിങ്ങള്‍ അത് കാണിക്കുന്നില്ലായിരിക്കും പക്ഷേ നിങ്ങള്‍ ഉള്ളില്‍ ദേഷ്യത്തിലാണ്.

Read more

ഇതോടെ രാജ്യസഭയില്‍ വീണ്ടും കൂട്ടച്ചിരി ഉയര്‍ന്നു.