മണിപ്പൂര്‍ കലാപത്തില്‍ തങ്ങളുടെ ഗ്രാമങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയുടെ അഭിമാനമായ ബോക്‌സിംഗ് താരം എംസി മേരി കോം ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.കോം ഗ്രാമങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്ര ഇടപെടല്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗോത്രങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് മണിപ്പൂരിലെ എല്ലാവരോടും മരികോം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോം സമുദായം മണിപ്പൂരിലെ തദ്ദേശീയ ഗോത്രമാണെന്നും ന്യൂനപക്ഷങ്ങളില്‍ ഏറ്റവും ചെറിയ വിഭാഗമാണെന്നും അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു. ഞങ്ങളെല്ലാം എതിരാളികളായ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ചിതറിക്കിടക്കുകയാണ്. സമുദായത്തിനെതിരെ ഇരുവശത്തുനിന്നും എപ്പോഴും ഊഹാപോഹങ്ങളും സംശയങ്ങളും ഉണ്ട്. ദുര്‍ബലമായ ആഭ്യന്തര ഭരണവും എണ്ണക്കുറവും കാരണം അധികാരപരിധിയിലേക്ക് നുഴഞ്ഞുകയറുന്ന ഒരു ശക്തിക്കെതിരെയും നിലകൊള്ളാന്‍ കോം വിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും മേരികോം കത്തില്‍ പറയുന്നു.
ഇന്ത്യന്‍ സൈന്യം, അര്‍ദ്ധസൈനിക വിഭാഗം, സംസ്ഥാന സേന എന്നിവയിലെ എല്ലാ അംഗങ്ങളും ജനസംഖ്യ സംരക്ഷിക്കുന്നതിനും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്തുന്നതിനും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിഷ്പക്ഷത പുലര്‍ത്തണമെന്നും അമിത്ഷായ്ക്ക് അയച്ച കത്തില്‍ മേരി കോം ആവശ്യപ്പെട്ടു.
മെയ്തി സമുദായത്തിന് പട്ടികവര്‍ഗപദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷമാണ് മണിപ്പൂര്‍ കലാപത്തില്‍ കലാശിച്ചത്.സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ പ്രശ്ന പരിഹാരത്തിന് സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ ബോക്സിങ് ഇതിഹാസം മേരി കോം നേരത്തെ രംഗത്തെത്തിയിരുന്നു. . സംഘര്‍ഷങ്ങളുടെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അവര്‍ ‘എന്റെ സംസ്ഥാനമായ മണിപ്പൂര്‍ കത്തുകയാണ്, ദയവായി സഹായിക്കൂ’ എന്നും കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവരേയും ചില മാധ്യമങ്ങളേയും ടാഗ് ചെയ്തുകൊണ്ടാണ് മേരി കോമിന്റെ ട്വീറ്റ്
Read more
ഗോത്രവര്‍ഗത്തില്‍പ്പെടാത്ത ഭൂരിപക്ഷക്കാരായ മെയ്തി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കണമെന്ന ആവശ്യത്തില്‍ പ്രതിഷേധിച്ച് ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ് യൂണിയന്‍ നടത്തിയ ട്രൈബല്‍ സോളിഡാരിറ്റി മാര്‍ച്ചിന് പിന്നാലെയാണ് മണിപ്പുരില്‍ സംഘര്‍ഷം ഉടലെടുത്തത്. അക്രമ സംഭവങ്ങള്‍ നിയന്ത്രണാധീതമായതോടെയാണ് കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഗവര്‍ണര്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയിരുന്നു. അക്രമ സംഭവങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ വെടിവെപ്പ് നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റുമാര്‍, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ക്ക് അനുമതി നല്‍കിക്കൊണ്ടാണ് ഗവര്‍ണറുടെ ഉത്തരവ്.