മെറ്റ ഒരാഴ്ചയ്ക്കിടെ മരണത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയത് പത്ത് പേരെ; പൊലീസിനും മെറ്റയ്ക്കും കൈയടിച്ച് സോഷ്യല്‍ മീഡിയ

ഉത്തര്‍പ്രദേശില്‍ ഒരാഴ്ചയ്ക്കിടെ മെറ്റയുടെ സഹായത്തോടെ പൊലീസ് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് പത്ത് പേരെ. ഉത്തര്‍പ്രദേശിലെ പത്ത് ആത്മഹത്യ ശ്രമങ്ങളാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയുടെ സഹായത്തോടെ പൊലീസ് പരാജയപ്പെടുത്തിയത്.

സോഷ്യല്‍ മീഡിയകളിലെത്തുന്ന ആത്മഹത്യയുമായി ബന്ധപ്പെട്ട പോസ്റ്റുകളും വിവരങ്ങളും മെറ്റ യുപി പൊലീസിന് കൈമാറുന്ന സമ്പ്രദായമാണ് പത്ത് പേരെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പൊലീസിന് സഹായകമായത്. ഒരാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള 14 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് യുപി പൊലീസ് പറയുന്നു.

ആത്മഹത്യയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെറ്റ കമ്പനിയുടെ ആസ്ഥാനത്ത് നിന്ന് പൊലീസിനെ ബന്ധപ്പെടും. പൊലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെന്ററില്‍ ഫോണിലൂടെയോ ഇ-മെയിലിലൂടെയോ ഉടന്‍ തന്നെ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. സോഷ്യല്‍ മീഡിയ സെന്ററിനെ എസ്ടിഎഫ് സെര്‍വറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

Read more

ഈ സംവിധാനത്തിന്റെ സഹായത്തോടെ ഇത്തരം പോസ്റ്റ് പങ്കുവെച്ചയാളുടെ ലൊക്കേഷന്‍ കണ്ടെത്തുകയും പൊലീസ് ഇടപെടല്‍ നടത്തുകയും ചെയ്യും. മെറ്റയില്‍ നിന്ന് വിവരം ലഭിച്ച ഉടന്‍ നടപടി സ്വീകരിച്ചതിനാലാണ് പത്ത് ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്നും ഡിജിപി പ്രശാന്ത് കുമാര്‍ പറഞ്ഞു.