മുല്ലപ്പെരിയാറിൽ മന്ത്രിയുടേത് ദയനീയ കീഴടങ്ങൽ; പിന്നിൽ തമിഴ്നാടുമായുള്ള രഹസ്യധാരണ: എൻ. കെ പ്രേമചന്ദ്രൻ

തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതുമായി ബന്ധപ്പെട്ട് മന്ത്രി റോഷി അ​ഗസ്റ്റിൻ നടത്തിയ അഭിപ്രായപ്രകടനം ദയനീയ കീഴടങ്ങലെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടുമായി അവിഹിതമായി ഉണ്ടാക്കിയിട്ടുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ കൈമലർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ മുന്നിൽ പോയി ഞങ്ങൾ എന്ത് ചെയ്യുമെന്ന് ഒരു മന്ത്രി വിലപിക്കുന്നത് ദയനീയ അവസ്ഥയാണ്. കേരളത്തിന്റെ ചരിത്രത്തിൽ മുമ്പ് ഒരിക്കലും ഇത്തരം ഒരു അവസ്ഥ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പരിതാപകരമായ അവസ്ഥ കണ്ട് ലജ്ജ തോന്നുന്നു. ജനങ്ങളെ സംരക്ഷിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ രാജിവെച്ച് പോവുകയാണ് വേണ്ടത്.

എന്തിന് വേണ്ടിയാണ് സർക്കാർ കീഴടങ്ങുന്നത്. തമിഴ്നാടുമായി ഏതെങ്കിലും തരത്തിൽ ഒരു സംഘർഷത്തിൽ ഏർപ്പെടണമെന്ന് ആഗ്രഹിക്കുന്നില്ല. എന്നാൽ, കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷിതമായി ജീവിക്കാൻ സാഹചര്യം ഒരുക്കണം. തമിഴ്നാടുമായി സൗഹൃദത്തിലാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രേമചന്ദ്രൻ ചോദിച്ചു.

സംസ്ഥാന സർക്കാരിന് ശക്തമായ നിർദ്ദേശം നൽകാൻ കഴിയണം. മേൽനോട്ട സമിതിയിലെ കേരളത്തിന്റെ പ്രതിനിധി എന്താണ് ചെയ്യുന്നത്. ദുരന്തനിവാരണ നിയമം അനുസരിച്ച് കേരളത്തിന് നടപടി സ്വീകരിക്കാനാകും. അത് സ്വീകരിക്കാതെ തമിഴ്നാടിന് മുന്നിൽ കേരളം ഭയന്നുവിറച്ച് നിൽക്കുകയാണ്. മറ്റേതെങ്കിലും സംസ്ഥാനത്തിന് വിധേയപ്പെട്ട് ജീവിക്കേണ്ട സാഹചര്യമാണ് മേഖലയിലെ ജനങ്ങൾക്കെന്നും എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു.