കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

കര്‍ണാടകയില്‍ വിവിധ സാമൂഹിക പദ്ധതികള്‍ക്കുള്‍പ്പെടെ സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന. എംഎല്‍എമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയില്‍ നിന്ന് 80,000 രൂപയാക്കി ഉയര്‍ത്തി. നിലവില്‍ അലവന്‍സുകള്‍ ഉള്‍പ്പെടെ മൂന്ന് ലക്ഷത്തോളം രൂപ മാസവരുമാനമുള്ള എംഎല്‍എമാര്‍ക്ക് അഞ്ച് ലക്ഷം രൂപവരെ വര്‍ദ്ധനവുണ്ടാകും.

രണ്ട് ലക്ഷത്തോളം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ശമ്പളം 75,000 രൂപയില്‍ നിന്ന് 1.5 ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. മന്ത്രിമാരുടെ ശമ്പളം 60,000 രൂപയില്‍ നിന്ന് 1.25 ലക്ഷമാക്കി ഉയര്‍ത്തി. സമാനമായി സ്പീക്കറുടെ ശമ്പളത്തിലും വര്‍ദ്ധനവുണ്ട്. 50,000 രൂപ വര്‍ദ്ധിപ്പിച്ച് 1.25 ലക്ഷം രൂപയാക്കിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭ സമ്മേളനത്തിലും എംഎല്‍എമാര്‍ ശമ്പള പരിഷ്‌കരണ ശിപാര്‍ശ മുന്നോട്ട് വച്ചിരുന്നു. ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാറ്റ് ഉള്‍പ്പെടെ നിരവധി പേരാണ് ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടത്. എല്ലാവരും അതിജീവിക്കണം. സാധാരണക്കാരെപ്പോലെ തങ്ങളും കഷ്ടപ്പെടുകയാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര ശമ്പള വര്‍ദ്ധനയെ കുറിച്ച് അഭിപ്രായപ്പെട്ടു.