ഗുജറാത്തില്‍ തൂക്കുപാലം തുറന്നത് ലാഭക്കൊതിയോടെ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല, മരണസംഖ്യ 141

ഗുജറാത്ത് മോര്‍ബിയിലെ തൂക്കുപാല ദുരന്തത്തില്‍ മരണസംഖ്യ 141 ആയെന്ന് സര്‍ക്കാര്‍. ഇനി രണ്ടുപേരെ കൂടി കണ്ടെത്താനുണ്ടെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സിങ് വി പറഞ്ഞു.

അതേസമയം, തൂക്കുപാലം തുറന്നത് നിയമ വിരുദ്ധമായാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. നവീകരണത്തിന് ശേഷം തൂക്കുപാലം വീണ്ടും തുറന്നത് അനുമതി ഇല്ലാതെയാണ്. ഫിറ്റ്നസ് ഉള്‍പ്പടെയുള്ള രേഖകള്‍ ലഭിച്ചിരുന്നില്ല. ഛട്ട് പൂജാ ദിനത്തിലെ വലിയ വരുമാനം പ്രതീക്ഷിച്ചായിരുന്നു ധൃതി പിടിച്ച് തൂക്കുപാലം തുറന്നത്.

മച്ചു നദിക്ക് കുറുകെ ഉള്ള തൂക്കുപാലം ആണ് തകര്‍ന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അഞ്ഞൂറിലേറെ പേരാണ് അപകട സമയത്ത് പാലത്തില്‍ ഉണ്ടായിരുന്നത്. 140ലേറെ വര്‍ഷം പഴക്കമുണ്ട് ഗുജറാത്തിലെ മോര്‍ബിയില്‍ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലത്തിന്.

അറ്റകുറ്റ പണികള്‍ക്ക് ശേഷം ബുധനാഴ്ചയാണ് ഈ തൂക്കുപാലം വീണ്ടും തുറന്നത്. കഴിഞ്ഞ നാലു ദിവസമായി പാലം കാണാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്. അപകട സമയത്ത് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അഞ്ഞൂറിലേറെ പേര്‍ പാലത്തില്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.

അപകടത്തില്‍പ്പെട്ട് നദിയില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അടിയന്തര രക്ഷാ പ്രവര്‍ത്തനത്തിന് ഉത്തരവിട്ട പ്രധാന മന്ത്രി അപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.