'മുഗള്‍ സാമ്രാജ്യ'ത്തെ കുറിച്ച് ഇനി പഠിക്കണ്ട; സിലബസ് പരിഷ്‌കരിച്ച് എന്‍.സി.ഇ.ആര്‍.ടി

മുഗള്‍ സാമ്രാജ്യത്തെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ സിബിഎസ്ഇ 12ാം ക്ലാസ് സിലബസില്‍ ഇനി ഉണ്ടാവില്ല. ‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’- പാര്‍ട്ട് രണ്ടിലെ മുഗള്‍ സാമ്രാജ്യത്തെക്കുറിച്ചുള്ള അധ്യായങ്ങളാണ് സിലബസില്‍ നിന്ന് നീക്കിയത്. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചതിന്റെ ഭാഗമായാണ് മാറ്റം.

10, 11, 12 ക്ലാസുകളിലെ പുസ്തകങ്ങളിലാണ് പ്രധാനമായും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. എന്‍സിഇആര്‍ടി പാഠ്യപദ്ധതി പിന്തുടരുന്ന എല്ലാ സ്‌കൂളുകള്‍ക്കും മാറ്റം ബാധകമായിരിക്കും. അടുത്ത അധ്യയനവര്‍ഷം മുതലാണ് പുതിയ സിലബസ് പ്രാബല്യത്തില്‍ വരിക.

‘തീംസ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററിയിലെ ‘കിങ്സ് ആന്‍ഡ് ക്രോണിക്കിള്‍സ്’; ‘ദി മുഗള്‍ കോര്‍ട്ട്സ്’ എന്നീ അധ്യായങ്ങളാണ് ഒഴിവാക്കിയത്. പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്.

‘അമേരിക്കന്‍ ഹെജിമണി ഇന്‍ വേള്‍ഡ് പൊളിറ്റിക്‌സ്’, ‘കോള്‍ഡ് വാര്‍ ഇറ’ എന്നീ രണ്ട് അധ്യായങ്ങളാണ് ഒഴിവാക്കിത്. പന്ത്രണ്ടാം ക്ലാസിലെ ‘ഇന്ത്യന്‍ പൊളിറ്റിക്‌സ് ആഫ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന പുസ്തകത്തില്‍നിന്ന് ‘റൈസ് ഓഫ് പോപ്പുലര്‍ മൂവ്മെന്റ്സ്, ‘ഇറ ഓഫ് വണ്‍ പാര്‍ട്ടി ഡോമിനന്‍സ്’ എന്നീ രണ്ട് അധ്യായങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

ഹിന്ദി പുസ്തകങ്ങളില്‍നിന്ന് ചില കവിതകളും ഖണ്ഡികകളും ഒഴിവാക്കിയിട്ടുണ്ട്. പത്താം ക്ലാസിലെ ‘ഡെമോക്രാറ്റിക് പൊളിറ്റിക്സ്’ പുസ്തകത്തില്‍ നിന്ന് ‘ഡെമോക്രസി ആന്‍ഡ് ഡൈവേഴ്സിറ്റി’, ‘പോപ്പുലര്‍ സ്ട്രഗിള്‍സ് ആന്‍ഡ് മൂവ്മെന്റ്സ്’, ‘ചാലഞ്ചസ് ഓഫ് ഡെമോക്രസി’ എന്നീ അധ്യായങ്ങളും ഒഴിവാക്കി.

Read more

‘തീംസ് ഇന്‍ വേള്‍ഡ് ഹിസ്റ്ററി’ എന്ന പതിനൊന്നാം ക്ലാസിലെ പുസ്തകത്തില്‍ നിന്ന് ‘സെന്‍ട്രല്‍ ഇസ്ലാമിക് ലാന്‍ഡ്സ്’, ‘ക്ലാഷ് ഓഫ് കള്‍ച്ചേഴ്സ്’, ‘ഇന്‍ഡസ്ട്രിയല്‍ റെവലൂഷന്‍’ തുടങ്ങിയ അധ്യായങ്ങളും നീക്കി.