നീറ്റ് പരീക്ഷയുടെ അപാകതകളിൽ ദേശീയ പരീക്ഷാ ഏജൻസി 10 ദിവസത്തിനകം മറുപടി നൽകണമെന്ന് കൽക്കട്ട ഹൈക്കോടതി. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലത്തിലെ അപാകതകൾ കാട്ടി നൽകിയ റിട്ട് ഹർജിയിലാണ് കൽക്കട്ട ഹൈക്കോടതിയുടെ നടപടി. ഹർജി 2 ആഴ്‌ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലത്തെക്കുറിച്ച് എൻടിഎ വിശദീകരണം നൽകിയെങ്കിലും ആരോപണങ്ങൾ ശക്തമാകുകയാണ്.
720ൽ 718, 719 മാർക്കുകൾ വന്നത് ചോദ്യം ചെയ്‌താണ് ഹർജി. ഗ്രേസ് മാർക്ക് നൽകുന്നതിലെ മാനദണ്ഡങ്ങളിൽ പിഴവുണ്ടെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഹർജി പരിഗണിച്ച ജസ്‌റ്റിസ് കൗഷിക് ചന്ദ്രയുടെ ബെഞ്ച് മറുപടി നൽകാൻ 10 ദിവസം അനുവദിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിക്കണമെന്നും കൗൺസിലിങ് നടപടികൾ ഹർജിയുടെ വിധിയുടെ അടിസ്‌ഥാനത്തിലായിരിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ദേശീയ പാർട്ടികൾ ഉൾപ്പെടെ രംഗത്തെത്തി. നീറ്റ് പരീക്ഷയിലെ അട്ടിമറി ആരോപണത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. വിദ്യാർഥികളുടെ പരാതികൾ കേന്ദ്ര സർക്കാർ അവഗണിക്കുന്നതെന്തിനാണെന്ന് ചോദിച്ച പ്രിയങ്ക, വിദ്യാർഥികളുടെ പരാതികൾക്കു സർക്കാർ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. പരാതികൾ പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക ഗാന്ധി എക്സ്സിൽ കുറിച്ചു.
അതേസമയം നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ വിശദ പരിശോധന നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി എൻടിഎയിൽനിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങൾ തേടിയിട്ടുണ്ട്. അതിനാൽ വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നാണ് എൻടിഎ അറിയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ അട്ടിമറിയുണ്ടായിട്ടില്ലെന്ന് ഇന്നലെ എൻടിഎ വിശദീകരിച്ചിരുന്നു.