വളര്‍ത്തുനായയുടെ പേരിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നീതാബെന്‍ സര്‍വ്വയ്യ എന്ന മുപ്പത്തിയഞ്ചുകാരിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി അയല്‍വാസികള്‍. ഗുജറാത്തിലെ ഭാവ്‌നഗറില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ഗുരുതരമായ പൊള്ളലേറ്റ നീതാബെന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സോനുവെന്നാണ് നീതാവെന്നിന്റെ നായയുടെ പേര്. നീതാബെന്നിന്റെ അയല്‍വാസിയായ സുരാഭായ് ഭര്‍വാഡിന്റെ ഭാര്യയെ സോനു എന്നാണ് വിളിക്കുന്നത്. തന്റെ ഭാര്യയുടെ അതേ പേര് വളര്‍ത്തുനായയ്ക്ക് ഇട്ടതില്‍ പ്രകോപിതനായ സുരാഭായിയും മറ്റ് അഞ്ചുപേരും നീതാബെന്നിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു.
വീട്ടില്‍ എത്തിയ സുരാഭായി നായക്കുട്ടിക്ക് സോനു എന്ന് പേരിട്ടതില്‍ നീതാബെന്നിനെ ചീത്തവിളിച്ചു. എന്നാല്‍ താന്‍ വരെ അവഗണിക്കുകയിരുന്നു എന്ന് നീതാബെന്‍ പൊലീസിന് മൊഴി നല്‍കി. അടുക്കളയിലേക്ക് പോയ നീതാബെന്നിനെ പിന്തുടര്‍ന്ന് മൂന്നുപേര്‍ തനിക്ക് മേല്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയെന്നും നീതാബെന്‍ മൊഴി നല്കിയതായി പൊലീസ് പറഞ്ഞു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചത്.
Read more
ആക്രമണം നടന്ന സമയത്ത് നീതാബെന്നും ഇളയ മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവും മറ്റു രണ്ടു മക്കളും പുറത്തു പോയിരിക്കുകയായിരുന്നു. സംഭവത്തില്‍ കൊലപാതകശ്രമം, അതിക്രമിച്ച് കടക്കല്‍, അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നീതാബെന്നിന്റെ കുടുംബവും സുരാഭായിയുടെ കുടുംബവും തമ്മില്‍ നേരത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ ആ വിഷയം പരിഹരിക്കപ്പെടുകയും ചെയ്തതാണ് എന്ന് പൊലീസ് പറഞ്ഞു.