ശിശു മരണങ്ങൾ ഉണ്ടായ രാജസ്ഥാനിലെ കോട്ട ജെ കെ ആശുപത്രിക്ക് ആവശ്യം വേണ്ട ജീവൻ രക്ഷാ ഉപകരണങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച സമിതി കണ്ടെത്തി. 35 ദിവസത്തിനിടെ 107 നവജാത ശിശുക്കളാണിവിടെ മരിച്ചത്. കുട്ടികൾക്കുള്ള 28 നെബുലൈസേഴ്സിൽ 22ഉം ഉപയോഗ ശൂന്യം ആയിരുന്നു.
അവശ്യ ഘട്ടത്തിൽ ഓക്സിജൻ നൽകാനുള്ള സംവിധാനത്തിന്റെ അപര്യാപ്‌ത, മറ്റ് ആശുപത്രി ഉപകരണങ്ങളുടെ കുറവ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആറു കോടി രുപയുടെ ഫണ്ട് ഉണ്ടായിരുന്നിട്ടും ആശുപത്രി അധികൃതര്‍ ഉപകരണങ്ങൾ വാങ്ങിയില്ല. കുട്ടികളുടെ ഡോക്ടർമാർ, നേഴ്സ്, തുടങ്ങിയ ജീവനക്കാരുടെ കുറവും ആശുപത്രിയെ ബാധിച്ചിരുന്നു.
ഇന്നലെ ആശുപത്രിയിൽ എത്തിയ എയിംസില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാർ അടങ്ങുന്ന കേന്ദ്ര സംഘത്തിനും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. അതേസമയം, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനെതിരെ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് രംഗത്ത് വന്നിരുന്നു. കുട്ടികളുടെ കൂട്ടമരണം പോലുള്ള വിഷയങ്ങളിൽ ഇത്തിരി സഹാനുഭൂതി കാണിക്കണമെന്നും, ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും അശോക് ഗെഹ്‍ലോട്ടിന്‍റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സച്ചിൻ പൈലറ്റ് പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്‍റെ കാലത്തുള്ളതിനേക്കാൾ കുറവാണ് മരണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് പറഞ്ഞതിനെതിരെയാണ് സച്ചിൻ പൈലറ്റിന്‍റെ പ്രതികരണം. കുട്ടികളുടെ കൂട്ടമരണം നടന്ന ആശുപത്രിയിൽ സന്ദർശനം നടത്താനെത്തിയതായിരുന്നു സച്ചിൻ പൈലറ്റ്. കുട്ടികളുടെ മരണത്തിന്‍റെ കണക്ക് പുറത്തുവന്നപ്പോൾ പ്രതിരോധത്തിലായ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ട്വീറ്റ് ചെയ്തതിങ്ങനെ:
“”സർക്കാർ കണക്കുകൾ അനുസരിച്ച്, ജെ കെ ലോൺ ആശുപത്രിയിൽ ഈ വർഷം മരിച്ച കുട്ടികളുടെ എണ്ണം 963 ആയി കുറഞ്ഞു. 1260 പേരാണ് ഇവിടെ 2015-ൽ മരിച്ചത്. 1193 കുട്ടികളാണ് 2016-ൽ മരിച്ചത്. ഈ രണ്ട് വർഷവും ഇവിടെ ബിജെപിയാണ് ഭരിച്ചത്. 2018-ൽ ഈ ആശുപത്രിയിൽ മരിച്ചത് 1005 കുട്ടികളാണ്””. ഇതോടെ വിവാദം ആളിക്കത്തി. പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിൽ നിന്ന് നാടകം കളിക്കാതെ പോകേണ്ടത് കോട്ടയിലേക്കാണെന്ന് ബിഎസ്‍പി അധ്യക്ഷ മായാവതി ആഞ്ഞടിച്ചു.
Read more
ഗോരഖ്പൂരിലെ ശിശുമരണത്തിന്‍റെ പേരിൽ പ്രതിരോധത്തിലായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പക്ഷേ, രാജസ്ഥാൻ സർക്കാരിനെ വിമർശിക്കാൻ മറന്നില്ല. ഇതേത്തുടർന്ന് പ്രതിരോധത്തിലായ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അടിയന്തരമായി പാർട്ടി നേതാക്കളുടെ യോഗം വിളിച്ചു. കോൺഗ്രസ് സംഘത്തെ സ്ഥലത്തേക്ക് സ്ഥിതിഗതികൾ പഠിക്കാൻ അയച്ചിട്ടുണ്ടെന്നും, സ്ഥിതി ആരാഞ്ഞ് വരികയാണെന്നും ഇതിന് പ്രതികരണവുമായി പ്രിയങ്ക ഗാന്ധി വ്യക്തമാക്കുകയും ചെയ്തു.