കേന്ദ്ര സർക്കാരിന്റെ മറുപടി കേൾക്കാതെ പൗരത്വ നിയമ ഭേദഗതിയിൽ സ്റ്റേ അനുവദിക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. കേന്ദ്രത്തിന് മറുപടി നൽകാൻ നാലാഴ്ചത്തെ സമയവും സുപ്രീം കോടതി നൽകി. സിഎഎ ഹർജികൾക്കുള്ള ഇടക്കാല ഉത്തരവ് അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതികൾക്ക് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പുതിയ നിയമത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിനിടയിൽ സുപ്രീം കോടതി നേരത്തെ കേന്ദ്രത്തിന് നോട്ടീസ് നൽകിയിരുന്നു.
“സർക്കാരിനു രണ്ട് മാസത്തേക്ക് ഈ പ്രക്രിയ തടയാൻ കഴിയും. ഞങ്ങൾ സ്റ്റേ ആവശ്യപ്പെടുന്നില്ല.” നിയമത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബൽ സുപ്രീം കോടതിയിൽ പറഞ്ഞു. പൗരത്വ നിയമത്തിന്റെ പ്രവർത്തനം നിർത്തിവെയ്ക്കണമെന്നും ദേശീയ ജനസംഖ്യ പട്ടിക (എൻപിആർ) പ്രക്രിയ തത്കാലം മാറ്റിവെയ്ക്കണമെന്നും കപിൽ സിബൽ ബെഞ്ചിനോട് ആവശ്യപ്പെട്ടു.
143 ഹർജിയിൽ 60 ഓളം അപേക്ഷകളുടെ പകർപ്പുകൾ സർക്കാരിന് നൽകിയിട്ടുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ബെഞ്ചിനോട് പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വ്യാപകമായ പ്രതിഷേധത്തിനിടയിലാണ് പുതിയ പൗരത്വ നിയമത്തെ കുറിച്ചുള്ള 140 ഓളം അപേക്ഷകൾ സുപ്രീം കോടതി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
Read more
പുതിയ നിയമം നിയമവിരുദ്ധമാണെന്നും ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമാണെന്നും ഹർജിയിൽ വാദിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുമെന്നതിനാൽ നിയമം സമത്വത്തിനുള്ള അവകാശത്തിന് വിരുദ്ധമാണെന്നും ഹർജികളിൽ പറയുന്നു. ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്ന നിയമനിർമ്മാണത്തെ മരവിപ്പിക്കാൻ ചില ഹർജികൾ ആവശ്യപ്പെട്ടിട്ടുണ്ട്.