എൻ‌.പി‌.ആർ അന്നും ഇന്നും; ആശങ്കകൾ ഉയർത്തുന്ന പ്രധാന വ്യത്യാസങ്ങൾ

ചൊവ്വാഴ്ച സർക്കാർ പ്രഖ്യാപിച്ച ദേശീയ ജനസംഖ്യാ രജിസ്റ്ററിൽ (എൻ‌.പി‌.ആർ) വ്യക്തികൾ അവരുടെ “മാതാപിതാക്കൾ ഇരുവരുടെയും ജനന തീയതിയും ജനന സ്ഥലവും” ആദ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നു. 2010ലെ എൻ‌.പി‌.ആറിനായി ഈ വിവരം ശേഖരിച്ചിട്ടില്ല.

അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയാനുള്ള പ്രക്രിയ ആയ ദേശീയ പൗരത്വ പട്ടിക (എൻ‌.ആർ‌.സി)യുടെ പശ്ചാത്തലത്തിലാണ് ഇത് വിവാദമായിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതി പ്രകാരം, 1987 ന് ശേഷം ജനിച്ച വ്യക്തികളുടെ, ഒരു രക്ഷകർത്താവെങ്കിലും ഇന്ത്യൻ പൗരനായിരിക്കണം.

പാർലമെന്റിലും പുറത്തും ആഭ്യന്തരമന്ത്രി അമിത് ഷാ ഒന്നിലധികം തവണ പ്രഖ്യാപിച്ചതുപോലെ രാജ്യവ്യാപകമായി എൻ‌.ആർ‌.സി നടപ്പാക്കിയാൽ മാതാപിതാക്കളുടെ ജനന തീയതിയും ജനന സ്ഥലവും ആവശ്യമാണെന്ന് വിമർശകർ ചൂണ്ടികാണിക്കുന്നു.

അവസാന എൻ‌.പി‌.ആറിൽ‌, വിവര ശേഖരണത്തിനായി 15 മാനദണ്ഡങ്ങളാണ് ഉണ്ടായിരുന്നത് എന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ഇത്തവണ 21 പോയിന്റുകളിലായിട്ടാണ് വിവരം ശേഖരിക്കുന്നത്.

അവസാന താമസസ്ഥലം, പാസ്‌പോർട്ട് നമ്പർ, ആധാർ ഐഡി, വോട്ടർ ഐഡി കാർഡ് നമ്പർ, ഡ്രൈവിങ് ലൈസൻസ് നമ്പർ, മൊബൈൽ ഫോൺ നമ്പർ എന്നിവ ഇതിൽ ഉൾപ്പെടുന്നു, ഇവ മുമ്പ് ആവശ്യപ്പെട്ടിരുന്നില്ല.

പുതിയ വിശദാംശങ്ങൾ‌ ഉൾ‌ക്കൊള്ളുന്നതിനായി മാതാപിതാക്കളുടെ പേരും പങ്കാളിയുടെ പേരും ഒരു പോയിന്റിലേക്ക് ചുരുക്കിയിരിക്കുന്നു.

“8,500 കോടി രൂപ അനുവദിച്ചുകൊണ്ട് ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ‌.പി‌.ആർ) പുതുക്കാൻ സർക്കാർ തീരുമാനിച്ചു. മാതാപിതാക്കളുടെ ജനനത്തീയതിയും സ്ഥലവും പ്രഖ്യാപിക്കാനും മറ്റ് 21 പോയിന്റുകളിൽ വിവരങ്ങൾ നൽകാനും എൻ‌.പി‌.ആർ ആവശ്യപ്പെടും. 2010 ലെ അവസാന എൻ‌.പി‌.ആർ‌ പ്രക്രിയയിൽ ഈ വിവരങ്ങളിൽ ഭൂരിഭാഗവും ശേഖരിച്ചിട്ടില്ല, ”സി‌.പി‌.എം നേതാവ് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു.

എൻ‌.പി‌.ആറിനായുള്ള വിവരങ്ങൾ എൻ‌.ആർ‌.സിക്ക് ഉപയോഗിക്കില്ലെന്ന് അമിത് ഷാ ഇന്നലെ വൈകുന്നേരം വാദിച്ചു. എൻ‌.ആർ‌.സിയെക്കുറിച്ച് ഇപ്പോൾ സംസാരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

“എൻ‌.പി‌.ആറും എൻ‌.ആർ‌.സിയും തമ്മിൽ യാതൊരു ബന്ധവുമില്ല.” 3,941 കോടി രൂപ ചെലവിൽ എൻ‌.പി‌.ആർ ജനസംഖ്യാ പട്ടിക പുതുക്കാൻ സർക്കാർ അനുമതി നൽകിയതിന് മണിക്കൂറുകൾക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

“എൻ‌.പി‌.ആർ എന്നത് ജനസംഖ്യയുടെ രജിസ്റ്ററാണ്, അതിന്റെ അടിസ്ഥാനത്തിലാണ് നയങ്ങൾ രൂപീകരിക്കുന്നത്. എൻ‌.ആർ‌.സി ജനങ്ങളോട് ചോദിക്കുന്നത് അവർ എന്ത് അടിസ്ഥാനത്തിലാണ് രാജ്യത്തെ പൗരന്മാർ ആയിരിക്കുന്നത് എന്നാണ്. രണ്ട് പ്രക്രിയകളും ബന്ധിപ്പിച്ചിട്ടില്ല. എൻ‌.ആർ‌.സിക്ക് എൻ‌.പി‌.ആർ‌ ഡാറ്റ ഉപയോഗിക്കാൻ‌ കഴിയില്ല, ” വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ തീരുമാനിക്കുന്നതിനുള്ള അടിസ്ഥാനം എൻ‌.പി‌.ആറാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.