പഞ്ചാബിലെ ജലന്ധര്‍ രൂപതയില്‍ കന്യാസ്ത്രീയുടെ മരണം; ദുരൂഹത ഉണ്ടെന്ന് കുടുംബം

പഞ്ചാബിലെ ജലന്ധര്‍ രൂപതയ്ക്ക് കീഴിലുള്ള കോണ്‍വെന്റില്‍ ചേര്‍ത്തല സ്വദേശിനിയായ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം. അര്‍ത്തുങ്കല്‍ കാക്കിരിയില്‍ ജോണ്‍ ഔസേഫിന്റെ മകള്‍ മേരി മേഴ്‌സി(31) ചൊവ്വാഴ്ച ആത്മഹത്യചെയ്തു എന്നാണ് സഭയിലെ അധികൃതര്‍ കുടുംബത്തെ അറിയിച്ചത്.

മകള്‍ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പിതാവ് പറയുന്നത്. മരണത്തില്‍ സംശയമുണ്ടെന്ന് ആരോപിച്ചു കൊണ്ട് മേരി മേഴ്‌സിയുടെ പിതാവ് ജോണ്‍ ഔസേഫ് ആലപ്പുഴ കളക്ടര്‍ക്ക് പരാതി നല്‍കി.

മരണത്തിലും അവിടെ വെച്ച് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലും ദുരൂഹതയുണ്ട് അതിനാല്‍ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണം എന്നതാണ് കുടുംബത്തിന്റെ ആവശ്യം. മൃതദേഹം ഇന്ന നാട്ടിലെത്തിക്കും.

29ന് രാത്രിയാണ് മകള്‍ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. അന്ന് മേരി മേഴ്‌സി വളരെ സന്തോഷത്തിലായിരുന്നു എന്നും കുടുംബം പറഞ്ഞു. ഡിസംബര്‍ രണ്ടിലെ ജന്മദിനത്തെ കുറിച്ച് ആഹ്‌ളാദത്തോടെ സംസാരിച്ച മേരിമേഴ്‌സി അന്ന് വീട്ടിലേക്ക് വിളിക്കാമെന്ന് ഉറപ്പു നല്‍കിയതായും പിതാവ് പരാതിയില്‍ പറയുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ജലന്ധര്‍ രൂപതയില്‍പ്പെട്ട സാദിഖ് ഔവര്‍ ലേഡി ഓഫ് അസംപ്ഷന്‍ കോണ്‍വന്റിലാണ് സിസ്റ്റര്‍ മേരി മേഴ്സി പ്രവര്‍ത്തിച്ചിരുന്നത്.

മേരി മേഴ്സിയുടെ മരണം ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചതിനു ശേഷം നിയമപ്രകാരമാണ് നടപടികള്‍ സ്വീകരിച്ചത് എന്ന് കോണ്‍വെന്റ് അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഈ പ്രസ്താവനയില്‍ സിസ്റ്ററുടെ ആത്മഹത്യാക്കുറിപ്പില്‍ മാതാപിതാക്കളോടും സഭാംഗങ്ങളോടും ക്ഷമ ചോദിച്ചിട്ടുണ്ടെന്നും പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിലും പൊലീസ് അന്വേഷണത്തിലും ആത്മഹത്യയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണത്തില്‍ സഭാസമൂഹം പൂര്‍ണമായും സഹകരിക്കുന്നുണ്ട് എന്ന് ഫ്രാന്‍സിസ്‌കന്‍ ഇമ്മാക്കുലേറ്റന്‍ സിസ്റ്റേഴ്‌സ് ഡെലിഗേറ്റ് വികാര്‍ സിസ്റ്റര്‍ മരിയ ഇന്ദിര അറിയിച്ചു.