'മദ്രസ ഹോട്ട്സ്പോട്ട്സ്'; ഇത്തരം പത്രപ്രവർത്തനത്തിന് ചവറ്റുകുട്ടയിലാണ് സ്ഥാനം: ഇന്ത്യ ടുഡേ വാർത്താ പരിപാടിക്കെതിരെ കവിത കൃഷ്ണൻ

രാജ്യത്ത് കൊറോണ വൈറസ് പകർച്ചവ്യാധി വ്യാപിക്കുന്ന അവസരത്തിൽ മുസ്ലിം മദ്രസകളെ ലക്ഷ്യം വച്ച് ഇന്ത്യ ടുഡേ വാർത്ത ചാനൽ ഇന്ന് രാത്രി എട്ട് മണിക്ക് സംപ്രേഷണം ചെയ്യാനിരിക്കുന്ന അന്വേഷണാത്മക വാർത്താ പരിപാടി “മദ്രസ ഹോട്ട്സ്പോട്ട്സ്” നെതിരെ വിമർശനവുമായി സി.പി.ഐ (എം.എൽ) ലിബറേഷൻ നേതാവ് കവിത കൃഷ്‌ണൻ.

പരിപാടിയുടെ അവതാരകനായ രാഹുൽ കൻവലിനെതിരെ രൂക്ഷ വിമർശനമാണ് കവിത കൃഷ്‌ണൻ ഉന്നയിക്കുന്നത്. ഇത് പത്രപ്രവർത്തനമല്ലെന്നും ഇത്തരം പത്രപ്രവർത്തനത്തിന് ചവറ്റുകുട്ടയിലാണ് സ്ഥാനമെന്നും കവിത കൃഷ്‌ണൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കൊറോണ വൈറസ് വ്യാപനത്തിന് കാരണമായി മുസ്ലിം മദ്രസകളെ ചിത്രീകരിക്കുന്നതിലൂടെ വിധ്വേഷപ്രചാരണമാണ് ഇന്ത്യ ടുഡേ നടത്തുന്നതെന്നും ഇത്തരം പത്രപ്രവർത്തനം സീ ന്യൂസ്, റിപ്പബ്ലിക്ക് ടി.വി എന്നിവയുടേതിന് സമാനമാണെന്നും കവിത കൃഷ്‌ണൻ ആരോപിക്കുന്നു.

അന്വേഷണാത്മക പത്രപ്രവർത്തനമെന്ന പേരിൽ തുറന്ന വിദ്വേഷ പ്രസംഗമാണ് നടത്തുന്നത് എന്നും എല്ലാ പത്രപ്രവർത്തകരും ദയവായി ഇതിനെതിരെ ശബ്‍ദമുയർത്തണമെന്നും കവിത കൃഷ്‌ണൻ പറയുന്നു.

https://www.facebook.com/kavita.krishnan/posts/10221149265542811