ബുറെവി ചുഴലിക്കാറ്റ്: കനത്ത മഴയിൽ തമിഴ്‍നാട്ടിൽ നാല് മരണം, കേരളത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ബുറേവി ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി മാറിയെങ്കിലും കനത്ത മഴയിൽ തമിഴ്‍നാട്ടിൽ നാല് പേർ മരിച്ചു. ചിദംബരത്തും കടലൂരിലും വൻ നാശനഷ്ടം. മഴക്കുള്ള സാദ്ധ്യത കണക്കിലെടത്ത് കേരളത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രാമനാഥപുരത്തു നിന്നും 40 കിലോമീറ്റർ അകലെയുള്ള ന്യൂനമർദ്ദം ഇന്ന് പുലർച്ചെ വരെ നിലവിലുള്ളിടത്ത് തുടരും. പാമ്പനിൽ നിന്നും 70 കിമീ ദൂരത്തിലും, കന്യാകുമാരിയിൽ നിന്ന് 160 കി.മീ ദൂരത്തിലുമാണ് അതിതീവ്ര ന്യൂനമർദ്ദം. ഇതിന്‍റെ സ്വാധീനം മൂലം തമിഴ്‌നാടിന്‍റെ തീരജില്ലകളിൽ കനത്ത മഴയുണ്ട്. കടലൂര്‍, ചെന്നൈ എന്നിവിടങ്ങളിലായി മഴക്കെടുതിയിൽ നാല് പേര്‍ മരിച്ചു. കടലൂര്‍ ജില്ലയില്‍ 35000- ത്തോളം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 25 വീടുകള്‍ പൂര്‍ണമായും 450 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ചെന്നൈയില്‍ ചെമ്പരാമ്പാക്കം തടാകത്തില്‍ ജലനിരപ്പ് ഉയരുന്നുണ്ട്.

തമിഴ്‍നാട് തീരം തൊട്ടശേഷമുള്ള 24 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദ്ദം കൂടുതൽ ദുർബലമായി ന്യൂനമർദ്ദമായി മാറുമെന്നാണ് പ്രവചനം. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്‌നാട്ടിൽ വെച്ച് തന്നെ കാറ്റിൻറെ വേഗം മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കി.മീ മാത്രമായി മാറാനാണ് സാദ്ധ്യത. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇന്നലെ രാത്രിയിൽ തിരുവനന്തപുരം ഉൾപ്പെടെ പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. ചുഴലിക്കാറ്റ് ഭീഷണി അകന്നെങ്കിലും കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ തിരിച്ച് വീടുകളിലേക്ക് അയക്കുന്ന കാര്യം ഇന്ന് തീരുമാനിക്കും.