ഇന്ത്യയിലെ ജനങ്ങൾ 'അങ്ങേയറ്റം വേദന'യിൽ, സമ്പദ്‌വ്യവസ്ഥ 2019-ലേതിനേക്കാൾ താഴെ: അഭിജിത് ബാനർജി

ഇന്ത്യയിലെ ജനങ്ങൾ “അങ്ങേയറ്റം വേദന”യിലാണെന്നും സമ്പദ്‌വ്യവസ്ഥ ഇപ്പോഴും 2019 ലെ നിലവാരത്തേക്കാൾ താഴെയാണെന്നും നൊബേൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി. സാധാരണക്കാരുടെ “ചെറിയ അഭിലാഷങ്ങൾ” ഇപ്പോൾ കൂടുതൽ ചെറുതായി മാറുന്ന സാഹചര്യമാണ് ഉള്ളതെന്നും അഭിജിത് ബാനർജി പറഞ്ഞു.

ഗുജറാത്തിലെ അഹമ്മദാബാദ് സർവകലാശാലയിലെ 11-ാമത് വാർഷിക ബിരുദദാന ചടങ്ങിൽ ശനിയാഴ്ച രാത്രി അമേരിക്കയിൽ നിന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്തിടെ പശ്ചിമ ബംഗാൾ സന്ദർശനത്തിൽ നിന്നുള്ള തന്റെ നിരീക്ഷണങ്ങൾ സാമ്പത്തിക വിദഗ്ധൻ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.

“നിങ്ങൾക്ക് (വിദ്യാർത്ഥികൾ) വളരെ അധികം സംഭാവന സമൂഹത്തിന് നല്കാൻ കഴിയുന്ന ഒരു ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. സമൂഹത്തിന് അത് ശരിക്കും ആവശ്യമാണ്. ഇന്ത്യയിൽ ജനങ്ങൾ കടുത്ത വേദനയിലാണ്,” അദ്ദേഹം പറഞ്ഞു.

“ഞാൻ കുറച്ചു ദിവസം പശ്ചിമ ബംഗാളിൽ ചിലവഴിച്ചു, നിങ്ങൾക്കറിയാമോ, ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും തകരുന്നതിന്റേതായി നിങ്ങൾ കേൾക്കുന്ന കഥകൾ, അത് വളരെ യഥാർത്ഥമാണ്… ഇപ്പോൾ സാധാരണക്കാർക്ക് വളരെ ചെറിയ അഭിലാഷങ്ങളെ ഉള്ളൂ,” ബാനർജി പറഞ്ഞു.

“നമ്മൾ വലിയ വേദനയുടെ കാലത്താണെന്ന് ഞാൻ കരുതുന്നു. സമ്പദ്‌വ്യവസ്ഥ 2019-ൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ താഴെയാണ്. എത്ര താഴെയാണെന്ന് നമുക്ക് അറിയില്ല, പക്ഷേ അത് വളരെ താഴെയാണ്. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല, ” 2019 ൽ എസ്തർ ഡുഫ്ലോയ്ക്കും മൈക്കൽ ക്രെമറിനും ഒപ്പം നൊബേൽ സമ്മാനം നേടിയ സാമ്പത്തിക വിദഗ്ധൻ പറഞ്ഞു.

തങ്ങളുടെ തൊഴില്‍ തിരഞ്ഞെടുക്കുന്നതിൽ കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ ഉള്ള സമ്മർദ്ദത്തിന് വഴങ്ങരുതെന്നും ജീവിതത്തിൽ യഥാർത്ഥത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്നത് ചെയ്യാൻ ധൈര്യം കാണിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ (ജെഎൻയുവിലെ) വിദ്യാർത്ഥി കാലഘട്ടത്തിൽ താൻ 10 ദിവസം തിഹാർ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും ബാനർജി പ്രേക്ഷകരെ അറിയിച്ചു.

“ഞാൻ ജെഎൻയു വിട്ട് ഹാർവാർഡിലേക്ക് പോകാനൊരുങ്ങുന്ന സമയം, ഞാൻ ഒരു വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുത്തു, തുടർന്ന് എന്നെ തിഹാർ ജയിലിലേക്ക് കൊണ്ടുപോയി, പത്ത് ദിവസം അവിടെ പാർപ്പിച്ചു. ഞാൻ പുറത്തു വന്നപ്പോൾ, ഒരുപാട് മുതിർന്നവർ എന്നോട് പറഞ്ഞു, ഞാൻ എന്റെ കരിയർ നശിപ്പിച്ചു, ഹാർവാർഡോ അമേരിക്കയോ നിങ്ങളെ ഇനി ഒരിക്കലും സ്വീകരിക്കില്ല എന്ന്, ഞാൻ ഖേദിക്കണമെന്നാണ് അവർ കരുതിയത്, ”അദ്ദേഹം പറഞ്ഞു.

കരിയർ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് തന്റെ അഭിപ്രായം പ്രകടിപ്പിക്കാൻ, ഇന്ത്യയിലെ രണ്ട് മികച്ച ചലച്ചിത്ര നിർമ്മാതാക്കളായ സത്യജിത് റേയും ശ്യാം ബെനഗലും സാമ്പത്തിക ശാസ്ത്ര ബിരുദധാരികളായിരുന്നുവെന്നും എന്നാൽ അവർ മറ്റൊരു വഴിയിലൂടെ സഞ്ചരിക്കാൻ തിരഞ്ഞെടുത്തുവെന്നും ബാനർജി ചൂണ്ടിക്കാട്ടി.

“എന്നിട്ടും, അവർ ജീവിതത്തിൽ നേട്ടം കൈവരിച്ചു. അതിനാൽ, പ്രത്യേക പരിശീലനത്തിനുപകരം, നിങ്ങൾ സജീവവും ചിന്താശേഷിയുള്ളതും തുറന്നതുമായ ഒരു മനുഷ്യനാവുക എന്നതാണ് ശരിക്കും പ്രധാനം. അതാണ് ഏറ്റവും പ്രധാനപ്പെട്ട ഭാഗം,” അദ്ദേഹം പറഞ്ഞു.

ബിരുദദാന വേളയിൽ, സ്വകാര്യ സർവ്വകലാശാലയിലെ നാല് ഡോക്ടറൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 833 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി.