ഇന്ധനവില ജനങ്ങളുടെ നടുവൊടിക്കുമ്പോൾ ജനകീയ തീരുമാനവുമായി തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് പെട്രോൾ വില കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു.
ഡിഎംകെ സർക്കാർ അധികാരമേറ്റ ശേഷം അവതരിപ്പിച്ച ആദ്യബജറ്റിൽ തന്നെയാണ് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻറെ തീരുമാനമാണെന്നും നികുതി കുറച്ചതു കൊണ്ട് വർഷം 1160 കോടി രൂപ നഷ്ടമാണെന്നും ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു.
ഡിഎംകെ തിരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ട് വെച്ച വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇന്ധനവിലയിലെ ഇടപെടൽ.
വെള്ളിയാഴ്ച 2021–22 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റ് ധനമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ പ്രസവാവധി 12 മാസമായി വർദ്ധിപ്പിച്ചു. 2021 ജൂലൈ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധന.
ബജറ്റിൽ ഏറ്റവുമധികം തുക അനുവദിച്ചത് ആരോഗ്യ കുടുംബക്ഷേമ മേഖലയ്ക്കാണ്. 18933 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. കോവിഡ് പ്രതിരോധത്തിന് 9370 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Read more
ബജറ്റ് അവതരണത്തിന് മുമ്പ് സംസാരിക്കാൻ അവസരം നൽകിയില്ല എന്നാരോപിച്ച് എഐഎഡിഎംകെ അംഗങ്ങൾ ബജറ്റ് അവതരണം ബഹിഷ്കരിച്ചു.