ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വിദൂരമല്ല; മേയ്ക് ഇന്‍ ഇന്ത്യയ്ക്കൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണമെന്ന് പ്രധാനമന്ത്രി

സേവനമാണ് പരമമായ ധര്‍മ്മമെന്ന മന്ത്രം ഉച്ചരിച്ചു കൊണ്ടാണ് കോവിഡ് പോരാളികള്‍ ഇന്ന് രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരോട് താന്‍ കൃതജ്ഞത അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

നമ്മളിന്ന് കടന്നുപോകുന്നത് കാഠിന്യമേറിയ സമയത്തു കൂടിയാണ്. ഇന്ന് ചെങ്കോട്ടയ്ക്ക് മുമ്പില്‍ കുട്ടികളെ കാണാന്‍ സാധിക്കുന്നില്ല. കൊറോണ എല്ലാം തടഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ ഓര്‍ക്കേണ്ട ദിനമാണിന്ന്. നമ്മുടെ സുരക്ഷിതത്വത്തിന് വേണ്ടി നിലകൊള്ളുന്ന സൈന്യത്തിനും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും കൃതജ്ഞത അറിയിക്കേണ്ട ദിനവും കൂടിയാണ് ഇത്.

കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാര്‍ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചു. ആത്മ നിര്‍ഭര്‍ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നത്. ഈ സ്വപ്‌നം ഇന്നൊരു പ്രതിജ്ഞയായി മാറുകയാണ്. 130 കോടി വരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും മോദി പറഞ്ഞു.

ഇന്ത്യ ആ സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരുടെ കഴിവിലും ആത്മവിശ്വാസത്തിലും സാമര്‍ത്ഥ്യത്തിലും എനിക്ക് വിശ്വാസമുണ്ട്. എന്തെങ്കിലും ചെയ്യണമെന്ന് നമ്മള്‍ ഒരിക്കല്‍ തീരുമാനമെടുത്താല്‍ അക്കാര്യം പൂര്‍ത്തിയാക്കുന്നത് വരെ വിശ്രമിക്കുന്നവരല്ല നമ്മള്‍.

ആത്മനിര്‍ഭര്‍ ഭാരതിന് ലക്ഷക്കണക്കിന് വെല്ലുവിളികളുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ലക്ഷക്കണക്കിന് വെല്ലുവിളികള്‍ ഉണ്ടെങ്കില്‍ കോടിക്കണക്കിന് പരിഹാരം നല്‍കുന്ന ശക്തിയും രാജ്യത്തിനുണ്ട്. നമ്മുടെ നാട്ടുകാര്‍, അവര്‍ പരിഹാരത്തിന്റെ കരുത്ത് നമുക്ക് നല്‍കും

കുറച്ച് മാസം മുമ്പു വരെ എന്‍-95 മാസ്‌കുകള്‍, പിപിഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ രാജ്യം ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാലിന്ന് സ്വന്തം ആവശ്യങ്ങള്‍ മാത്രമല്ല മറ്റ് രാജ്യങ്ങളുടെ ആവശ്യകതകള്‍ കൂടി നിറവേറ്റുന്ന തലത്തിലേക്ക് രാജ്യം മുന്നേറി.

സ്വതന്ത്ര ഇന്ത്യയുടെ ചിന്ത തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയായിരിക്കണം. നമ്മുടെ തദ്ദേശീയ ഉത്പന്നങ്ങളെ നമ്മള്‍ അഭിനന്ദിക്കണം. നമ്മളത് ചെയ്തില്ലെങ്കില്‍ അവയ്ക്ക് കൂടുതല്‍ മെച്ചപ്പെടാന്‍ സാധിക്കാതെ പോകുമെന്നും മോദി പറഞ്ഞു.

ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വിദൂരമല്ല. മേയ്ക് ഇന്‍ ഇന്ത്യ എന്നതിനൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണം. ഉത്പാദനരംഗം മാറണം. ലോകത്തിന് വേണ്ടി ഇന്ത്യ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കണം. അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്ത് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രീതി എത്രകാലം നമുക്ക് തുടരാന്‍ സാധിക്കും. ഈ രീതി അവസാനിപ്പിക്കേണ്ട സമയം വന്നിരിക്കുകയാണ്. ഇന്ത്യയുടെ ഉപഭോഗത്തിനുള്ളവ ഇവിടെ തന്നെ ഉത്പാദിപ്പിക്കേണ്ടതുണ്ട്. മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും വേണം- അദ്ദേഹം പറഞ്ഞു.

ഇന്ന് നിരവധി വലിയ കമ്പനികള്‍ ഇന്ത്യയിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിര്‍മിക്കുക എന്നതിനൊപ്പം ലോകത്തിന് വേണ്ടി നിര്‍മ്മിക്കുക എന്ന മന്ത്രവുമായി നാം മുന്നോട്ടു പോകണം. കഴിഞ്ഞ വര്‍ഷം മാത്രം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 18 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രാജ്യത്തുണ്ടായത്. ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെയാണ് നോക്കികാണുന്നത്.

ലോകം ഇന്ന് ഇന്ത്യയേ ആണ് ഉറ്റു നോക്കുന്നത്. ലോകത്തിന് വളര്‍ച്ചയുണ്ടാകണമെങ്കില്‍ ഇന്ത്യയും വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്. ലോകത്ത് എറ്റവുമധികം യുവജനങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ന് ഇന്ത്യ. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവരും പുതിയ ആശയത്തിന്റെ വക്താക്കളുമാണവര്‍.

Read more

ആത്മനിര്‍ഭര്‍ ഭാരതില്‍ കര്‍ഷകര്‍ക്കാണ് മുന്‍ഗണന. രാജ്യത്തെ കര്‍ഷകര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ നല്‍കുന്നതിന് വേണ്ടി ഒരുലക്ഷം കോടിയുടെ ഫണ്ട് രൂപികരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.