ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമാണ് നല്‍കാന്‍ പോകുന്നത്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ബജറ്റ് സമ്മേളനം ഇന്ത്യക്ക് വലിയ അവസരമാണ് നല്‍കാന്‍ പോകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണവേയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

‘ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഇന്ത്യക്ക് ധാരാളം അവസരമുണ്ട്. രാജ്യത്തിന്റെ വികസനത്തിനായുള്ള ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടക്കണം. കോവിഡ് പ്രതിരോധ വാക്‌സിനേഷനില്‍ രാജ്യം കൈവരിച്ച നേട്ടം ലോകത്തിന് കരുത്ത് പകര്‍ന്നു.’

‘തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പാര്‍ലമെന്റ് സമ്മേളനങ്ങളെയും ബാധിക്കുന്നു. എന്നാല്‍ അവയെല്ലാം മാറ്റിവെച്ച് ബജറ്റ് സമ്മേളനത്തില്‍ പ്രതിബദ്ധതയോടെ പങ്കെടുക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ബജറ്റ് സമ്മേളനത്തിലെ തുറന്ന സംവാദങ്ങള്‍ ഒരു മികച്ച അവസരമായിരിക്കും. ഇന്ത്യയുടെ പുരോഗതിക്കായി എല്ലാ പാര്‍ട്ടികളും തുറന്ന മനസ്സോടെ ചര്‍ച്ചകള്‍ നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2021-22 സാമ്പത്തിക സര്‍വേ ഇന്ന് പാര്‍ലമെന്റില്‍ വെക്കും. നാളെയാണ് ബജറ്റ് അവതരണം. നാളെ രാവിലെ 11 മണിക്ക് ധനമന്ത്രി ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി പോലെ ഇത്തവണയും പേപ്പര്‍ രഹിത ബജറ്റാണ് അവതരിപ്പിക്കുന്നത്. പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും രാജ്യസഭാ ചെയര്‍മാന്‍ എം വെങ്കയ്യ നായിഡുവും സമ്മേളനത്തില്‍ സഭയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി പ്രത്യേക യോഗങ്ങള്‍ നടത്തും.

അതേസമയം, പാര്‍ലമെന്റ് സമ്മേളനത്തില്‍ പെഗാസസ് ആരോപണങ്ങള്‍, കര്‍ഷക പ്രശ്‌നങ്ങള്‍, വിലക്കയറ്റം, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉന്നയിക്കാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. പെഗാസസ് വിഷയം നേരത്തെയും പാര്‍ലമെന്റ് സ്തംഭിക്കുന്നതിന് കാരണമായിട്ടുണ്ട്.

Read more

ഫെബ്രുവരി 11 വരെയാണ് ആദ്യപാദ ബജറ്റ് സമ്മേളനം. തുടര്‍ന്ന് ഒരു ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ എട്ടു വരെ് രണ്ടാംഘട്ട സമ്മേളനം നടക്കും. ഉത്തര്‍ പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ബജറ്റ് സമ്മേളനം നടക്കുന്നത്.