താങ്കളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ എന്നത് പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാന്റിന്റെ പരസ്യ വാചകമായിരുന്നു. ഇനി മുതല്‍ താങ്കളുടെ ഉപ്പിലും പഞ്ചസാരയിലും പ്ലാസ്റ്റിക് ഉണ്ടോ എന്ന് ചോദിച്ചാല്‍ അത് പരസ്യ വാചകമാകില്ല, പകരം ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാവും. പരിസ്ഥിതി ഗവേഷണ സ്ഥാപനമായ ടോക്‌സിക് ലിങ്ക് നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ ലഭിക്കുന്ന ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി.
മനുഷ്യ ശ്വാസകോശത്തിനും ഹൃദയത്തിനും പുറമേ ഗര്‍ഭസ്ഥ ശിശുക്കളിലും മുലപ്പാലിലും വരെ മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയെന്ന സമീപകാല റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ടോക്‌സിക് ലിങ്കിന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കടല്‍ ഉപ്പ്, ടേബിള്‍ ഉപ്പ്, പാറ ഉപ്പ് തുടങ്ങി പത്ത് വ്യത്യസ്തമായ ഉപ്പും അഞ്ച് വ്യത്യസ്ത ഇനത്തിലുള്ള പഞ്ചസാരയുമാണ് ഗവേഷണത്തിന് വിധേയമായത്.
കടകളില്‍ നിന്നും ഓണ്‍ലൈനായും വാങ്ങിയവയിലാണ് ഗവേഷണം നടന്നത്. 0.1എംഎം മുതല്‍ 5 എംഎം വരെ വലിപ്പത്തിലുള്ള നാരുകളുടെയും ശകലങ്ങളുടെയും രൂപത്തിലാണ് പ്രധാനമായും മൈക്രോ പ്ലാസ്റ്റിക് കണ്ടെത്തിയത്. അയോഡൈസ്ഡ് ഉപ്പിലാണ് ഏറ്റവും കൂടുതല്‍ മൈക്രോ പ്ലാസ്റ്റിക്. നേരത്തെ കടല്‍ മത്സ്യങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
Read more
സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം ഗണ്യമായി വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണമെന്നായിരുന്നു പഠനങ്ങള്‍ വ്യക്തമാക്കിയത്. മനുഷ്യ ശരീരത്തില്‍ വായുവിലൂടെയും ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും മൈക്രോ പ്ലാസ്റ്റിക് എത്തുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നിലവിലെ ശാസ്ത്രീയ ഡാറ്റ ബേസിലേക്ക് വിവരങ്ങള്‍ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു ടോക്‌സിക് ലിങ്ക് ഉപ്പും പഞ്ചസാരയും പരിശോധിച്ചത്.