'പൃഥിരാജ് രാജ്യവിരുദ്ധരുടെ വക്താവ്'; 'സേവ് ലക്ഷദ്വീപ്' ക്യാംപയിനും സിഎഎയും ഉയർത്തി ആർഎസ്എസ് മുഖപത്രം; നടന് ഇരട്ടത്താപ്പെന്നും രൂക്ഷ വിമർശനം

സംവിധായകനും നടനുമായ പൃഥ്വിരാജിനെതിരെ വീണ്ടും ആരോപണങ്ങളുമായി ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന്. ‘സേവ് ലക്ഷദ്വീപ്’ ക്യാംപയിന് പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ ഒരാളാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചു. സിഎഎയ്ക്കെതിരെ പൃഥിരാജ് കള്ളം പ്രചരിപ്പിച്ചു. പൃഥിരാജിന് ഇരട്ടത്താപ്പെന്നും ആർഎസ്എസ് മുഖപത്രം ആരോപിക്കുന്നു.

മുനമ്പം വിഷയത്തിലും ബംഗ്ളദേശിൽ ഹിന്ദുക്കളെ ആക്രമിച്ചപ്പോഴും മിണ്ടിയില്ലെന്നും ഓർഗനൈസർ കുറ്റപ്പെടുത്തുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ പിന്തുണച്ചു. ചിലരെ അറസ്റ്റ് ചെയ്തപ്പോൾ സഹോദരൻ ഇന്ദ്രജിത്തും പിന്തുണച്ചു. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളിൽ പൃഥ്വിരാജ് പ്രതികരിച്ചില്ല. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവർക്ക് മൗനമാണെന്നും ഓർഗനൈസർ വിമർശിച്ചു.

സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തിന് ഹനുമാൻറെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് നൽകിയെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. നടൻ മോഹൻലാലിൻറെ ഖേദപ്രകടനം റിപ്പോർട്ട് ചെയ്തുള്ള ആർഎസ്എസ് മുഖപത്രത്തിലെ ലേഖനത്തിലാണ് പൃഥ്വിരാജിനെതിരെ വിമർശിക്കുന്നത്.

കഴിഞ്ഞ ദിവസവും എമ്പുരാൻ സിനിമക്കും പൃഥ്വിരാജിനുമെതിരെ ഓർഗനൈസർ രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്. പൃഥ്വിരാജ് സിനിമകളിൽ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവർത്തിക്കുകയാണ്. സിനിമ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നും ഓർഗനൈസർ ആരോപിച്ചിരുന്നു. മോഹൻലാൽ ആരാധകരെ വഞ്ചിച്ചുവെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നുമായിരുന്നു ഓർഗനൈസറിൻറെ വിമർശനം.

അതേസമയം സംഘപരിവാർ ഭീഷണിക്ക് പിന്നാലെ റീഎഡിറ്റ് ചെയ്ത എമ്പുരാൻ ഇന്നു വൈകിട്ട് മുതൽ തിയറ്ററുകളിൽ എത്തും. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗം അടക്കം മൂന്നു മിനിറ്റ് നേരമാണ് സിനിമയിൽ നിന്ന് കട്ട് ചെയ്തിരിക്കുന്നത്. വില്ലൻറെ പേരിലും മാറ്റം ഉണ്ടെന്നാണ് സൂചന.