കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം; ആർജി കർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലിനെയും നീക്കി

കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിൽ ആർജി കർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലിനെയും നീക്കി. മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന് പകരം നിയമിച്ച സുഹൃത പോളിനെയാണ് നീക്കിയത്. സ്വാസ്ഥ്യ ഭവനിൽ വിദ്യാർത്ഥികളുടെ പ്രതിനിധി സംഘം ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സർക്കാർ നടപടി.

പുതിയ പ്രിൻസിപ്പലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ സിബിഐ ഓഫീസ് മുതൽ സ്വാസ്ത്യഭവൻ വരെ കാൽനട മാർച്ച് നടത്തിയിരുന്നു. പ്രതിഷേധിച്ച ഡോക്ടർമാർ ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. അതേസമയം സുഹൃത പോളിനെ സ്ഥാനത്ത് നിന്ന് നീക്കിയതിനെത്തുടർന്ന് മനാഷ് കുമാർ ബാനർജിയെ ആശുപത്രിയുടെ പുതിയ പ്രിൻസിപ്പലായി നിയമിച്ചു.

അതേസമയം യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ സുപ്രീം കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയായെടുത്ത ഹര്‍ജിയുടെ വാദം കേള്‍ക്കവേയാണ് സിബിഐയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്വമേധയായെടുത്ത കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.