പാടത്ത് കളിക്കവേ തെരുവുനായ്ക്കള്‍ ഓടിച്ചു, കുഴല്‍ക്കിണറില്‍ വീണ കുട്ടി മരിച്ചു

തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കുഴല്‍ക്കിണറില്‍ വീണ ആറുവയസുകാരന്‍ മരിച്ചു. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. കിണറ്റില്‍ വീണ് 9 മണിക്കൂറുകള്‍ക്ക് ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത്.

ബൈറാംപുറിലെ ഖിയല ബുലന്‍ഡ ഗ്രാമത്തിലാണ് സംഭവം. 300 അടി ആഴമുള്ള കിണറ്റിലേക്ക് പതിച്ച കുട്ടി 95 മീറ്റര്‍ താഴെ കുടുങ്ങിയിരിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ സൈനികരടക്കം സഹകരിച്ചിരുന്നു. കിണറിനുള്ളിലേക്ക് തുരങ്കം നിര്‍മിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കിണറിനുള്ളിലേക്ക് ഓക്‌സിജനും നല്‍കിയിരുന്നു. സാധ്യമായതെല്ലാം ചെയ്തിട്ടും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പുറത്തെടുത്തപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

രാവിലെ പാടത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവുനായ്ക്കള്‍ ഓടിച്ചതിനെത്തുടര്‍ന്നാണ് കുട്ടി കുഴല്‍ക്കിണറിന്റെ പരിസരത്തേക്ക് ഓടിയെത്തിയത്. ചണ ബാഗ് കൊണ്ടാണ് കുഴല്‍ക്കിണര്‍ അടച്ചുവച്ചിരുന്നത്.