'ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും, കോണ്‍ഗ്രസ് ആ സത്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല', ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഉത്തരാഖണ്ഡില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. 70 അംഗ സംസ്ഥാന നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം നേടാനാവും. .യാഥാര്‍ത്ഥ്യമെന്താണ് എന്ന് കോണ്‍ഗ്രസ് മനസ്സിലാക്കുന്നില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിന് വിജയിക്കാനാവില്ലെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ധാമി പറഞ്ഞു.

‘ജനങ്ങള്‍ ബി.ജെ.പിയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചതിനാല്‍ ഞങ്ങള്‍ ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണ്. കോണ്‍ഗ്രസ് അന്ധരായിരിക്കുന്നു, യാഥാര്‍ത്ഥ്യം കാണുന്നതില്‍ പരാജയപ്പെടുന്നു. അവര്‍ പത്തോ അതില്‍ താഴെയോ സീറ്റുകളിലേക്ക് ചുരുങ്ങാന്‍ പോകുകയാണ്.’ ധാമി പറഞ്ഞു. കോണ്‍ഗ്രസ് 45 ലധികം സീറ്റുകള്‍ നേടുമെന്ന മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് ധാമിയുടെ പ്രതികരണം.

’45-48 സീറ്റുകള്‍ നേടി സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. ഉത്തരാഖണ്ഡിലെ ജനങ്ങള്‍ ബി.ജെ.പിയുടെ കള്ളവും വഞ്ചനയും കണ്ടതാണ്. ഞങ്ങള്‍ വിജയിക്കും.സംസ്ഥാനത്തെ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്’, എന്ന് റാവത്ത് പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോവുകയാണ്. ഒന്നുകില്‍ താന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകുമെന്നും അല്ലെങ്കില്‍ വീട്ടിലിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭരണം നടത്താനുള്ള പദ്ധതികള്‍ പാര്‍ട്ടി ആവിഷ്‌കരിച്ച് തുടങ്ങിയിട്ടുണ്ടെന്നും ആദ്യ മന്ത്രിസഭയില്‍ ഉടന്‍ തന്നെ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

Read more

70 സംസ്ഥാന നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഫെബ്രുവരി 14ന് ഉത്തരാഖണ്ഡില്‍ വോട്ടെടുപ്പ് നടന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.