ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ വ്യാഴാഴ്ച സന്ദർശിച്ച ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. അതേസമയം പ്രിയങ്ക ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും രാഷ്ട്രപതിയെ കാണാൻ പോകും വഴി പൊലീസ് തടഞ്ഞുവച്ചു.
മൂന്ന് നാല് പേർ മാത്രമാണ് ഈ സംവിധാനം നടത്തുന്നതെന്ന് ആരോപിച്ച രാഹുൽ ഗാന്ധി കോൺഗ്രസ് ഇതിനെതിരെ പോരാടുകയാണെന്നും പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരെ രണ്ട് കോടി ഒപ്പുകളുമായി കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ടു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, ആദിർ ചൗധരി എന്നിവരെ മാത്രമേ രാഷ്ട്രപതി ഭവൻ സന്ദർശിക്കാൻ അനുവദിച്ചുള്ളൂ. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ മറ്റെല്ലാവരെയും കസ്റ്റഡിയിലെടുത്തു.
“ഇത് ഇന്ത്യയുടെ ആശയത്തിന് നേരെയുള്ള ആക്രമണമാണ്. നമ്മുടെ എം.പിമാരെ ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നതിൽ നിന്ന് സർക്കാർ തടയുകയാണ്. ഇന്ത്യയിൽ ജനാധിപത്യമില്ല, അത് ഭാവനയിൽ മാത്രമാണ്, യാഥാർത്ഥ്യത്തിലല്ല,” രാഷ്‌ട്രപതിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു.
രാഷ്ട്രപതി ഭവനിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് കാർഷിക നിയമങ്ങൾക്കെതിരായ ഒപ്പുകളുമായി രാഷ്ട്രപതി ഭവനിലേക്ക് രാഹുൽ ഗാന്ധി പോവുകയായിരുന്നു. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കർഷകർ ഡൽഹി അതിർത്തിയിൽ നിന്ന് പിൻവാങ്ങില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷം കർഷകർക്കൊപ്പം നിൽക്കുന്നു. നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രതിഷേധിക്കുന്ന കർഷകർ പ്രതിഷേധം അവസാനിപ്പിക്കില്ല. ഇന്ത്യയിൽ ജനാധിപത്യമില്ലെന്നും രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി പറഞ്ഞു.
A delegation from the Indian National Congress comprising Shri Ghulam Nabi Azad, Shri Adhir Ranjan Chowdhury and Shri Rahul Gandhi called on President Kovind at Rashtrapati Bhavan pic.twitter.com/gc6r8qvBGg
— President of India (@rashtrapatibhvn) December 24, 2020
Read more
“കാർഷിക നിയമങ്ങൾ റദ്ദാക്കുന്നില്ലെങ്കിൽ കർഷകർ നാട്ടിലേക്ക് മടങ്ങില്ലെന്ന് പ്രധാനമന്ത്രി മോദിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കേന്ദ്രം പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് നിയമങ്ങൾ പിൻവലിക്കണം. എല്ലാ പ്രതിപക്ഷ പാർട്ടികളും കർഷകർക്കൊപ്പമുണ്ട്,” രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.