രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസിലേക്ക് പുറപ്പെട്ടു; ഡൽഹി- യു.പി അതിർത്തിയിൽ വൻ പൊലീസ് സന്നാഹം

കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയും സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വദ്രയും ഹത്രാസിലേക്ക് യാത്ര പുറപ്പെട്ടു. കോൺഗ്രസ് നേതാക്കൾ ഹത്രാസിലെത്തുന്നത് തടയുന്നതിനായി ഡൽഹി-നോയിഡ ഡയറക്റ്റ് (ഡിഎൻ‌ഡി) ഫ്ലൈഓവറിലെ ടോൾ പ്ലാസയിൽ 200 ഓളം ഉത്തർപ്രദേശ് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും മുഴക്കി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ഇതിനകം അവിടെയുണ്ട്.

കൂട്ടബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട 20-  കാരിയായ ദളിത് യുവതിയുടെ കുടുംബത്തോട് സംസാരിക്കാൻ യു.പിയിലെ ഹത്രാസിൽ എത്താൻ കോൺഗ്രസ് നേതാക്കൾ ഇത് രണ്ടാം തവണയാണ് ശ്രമിക്കുന്നത്. ആദ്യത്തെ തവണ ഉത്തർപ്രദേശ് പൊലീസ് ഇവരെ തടയുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

കോൺഗ്രസ് നേതാക്കളെ അതിർത്തി കടക്കാൻ ഒരു കാരണവശാലും അനുവദിക്കരുത് എന്നാണ് പൊലീസിന് നൽകിയിരിക്കുന്ന കൃത്യമായ നിർദേശം. വാർത്ത ഏജൻസി എഎൻ‌ഐ ഓൺലൈനിൽ പങ്കിട്ട ദൃശ്യങ്ങളിൽ കോൺഗ്രസ് നേതാക്കളെ തടയുന്നതിനായി ടോൾ പ്ലാസയിൽ വൻ പൊലീസ് സന്നാഹം കാണാം.

ഉച്ചയ്ക്ക് 2.30- ഓടെ രാഹുൽ ഗാന്ധി ഡൽഹിയിൽ നിന്ന് ഹത്രാസിലേക്ക് പുറപ്പെട്ടു, സഹോദരി പ്രിയങ്ക ഗാന്ധി വദ്ര ഓടിക്കുന്ന ടൊയോട്ട ഇന്നോവ കാറിന്റെ മുൻ സീറ്റിൽ ഇരുന്നാണ് രാഹുൽ ഗാന്ധിയുടെ യാത്ര.