പണനയ സമീപനം 'ന്യൂട്രല്‍' ആക്കി; റീപോ നിരക്കുകള്‍ മാറ്റിയില്ല; വിപണി ഡബിള്‍ ഹാപ്പി; കുതിച്ച് ഓഹരികള്‍

പണനയ സമീപനം നിഷ്പക്ഷം ആക്കി റിസര്‍വ് ബാങ്ക്, റീപോ നിരക്കില്‍ മാറ്റം വരുത്തിയില്ല. വളര്‍ച്ച, വിലക്കയറ്റ പ്രതീക്ഷകള്‍ നിലനിര്‍ത്തിയതോടെ ഓഹരി വിപണിക്കും പുതിയ കുതിപ്പായി. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍തന്നെ തുടരും. വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തുകയും ചെയ്തു. ബാങ്കുകളുടെ പണലഭ്യതയെ ബാധിക്കാതിരിക്കാന്‍ നയ സമീപനം ‘നിക്ഷ്പക്ഷ’ (ന്യൂട്രല്‍)മാക്കി.

ഗവര്‍ണര്‍ ശക്തികാന്ത ദാസ് പണനയപ്രഖ്യാപനം നടത്തിയതിനെ തുടര്‍ന്ന് ഓഹരികള്‍ ഉയര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഗവണര്‍ പ്രഖ്യാപനം തുടങ്ങുമ്പോള്‍ 25,110 ല്‍ ആയിരുന്ന നിഫ്റ്റി പ്രസംഗം തീരുമ്പോള്‍ 25,135 ല്‍ ആയി. ഇടയ്ക്ക് 25,190 വരെ കയറിയിരുന്നു. പിന്നീട് നിഫ്റ്റി 25,185 ലേക്കു കയറി. സെന്‍സെക്‌സ് 81,800ല്‍ നിന്ന് 82,192വരെ കയറിയിട്ട് 82,030 ലേക്കു താണു. വീണ്ടും കയറി 82,150 നു മുകളിലായി. വിപണി പണനയകാര്യത്തില്‍ സംതൃപ്തി കാണിക്കുന്നു എന്നു ചുരുക്കം. ബാങ്ക് നിഫ്റ്റി ഒരു ശതമാനം ഉയര്‍ന്നു.

തുടര്‍ച്ചയായി ഒമ്പത് യോഗങ്ങളിലും ആര്‍ബിഐ നിരക്ക് 6.50 ശതമാനത്തില്‍തന്നെ നിലനിര്‍ത്തിയിരുന്നു. വളര്‍ച്ചാ ലക്ഷ്യങ്ങളും പണപ്പെരുപ്പവും സന്തുലിതമായി നിലനിര്‍ത്താനായിരുന്നു ശ്രമം. 2023 ഫെബ്രുവരിയില്‍ നിശ്ചയിച്ച റിപ്പോ നിരക്കാണിപ്പോഴും തുടരുന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ നടപ്പ് വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചശേഷമുള്ള രണ്ടാമത്തെ പണനയ യോഗമാണിത്.

Read more

ഈ ധനകാര്യ വര്‍ഷത്തെ ജിഡിപി വളര്‍ച്ച നിഗമനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തി. ഒന്നാം പാദത്തില്‍ 6.7 ശതമാനം ആയിരുന്നു വളര്‍ച്ച. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ഏഴു ശതമാനം വളര്‍ച്ചയേ കേന്ദ്ര ബാങ്ക് പ്രതീക്ഷിക്കുന്നുള്ളു. നേരത്തേ 7.2% പ്രതീക്ഷിച്ചതാണ്. മൂന്നാം പാദ വളര്‍ച്ച നിഗമനം 7.3%-ല്‍ നിന്ന് 7.4% ആക്കി. നാലാം പാദത്തിലേത് 7.2%ല്‍ നിന്ന് 7.4 ശതമാനമാക്കി. അടുത്ത ധനകാര്യ വര്‍ഷം ഒന്നാം പാദത്തില്‍ 7.3% ആകുമെന്നാണു റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്.