മണിപ്പൂരില്‍ രാഷ്ട്രപതി ഭരണത്തിന് നീക്കം; ബീരേന്‍ സിംഗിന്റെ രാജിയ്ക്ക് പിന്നാലെ നിയമസഭ മരവിപ്പിച്ചു

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗ് രാജി സമര്‍പ്പിച്ചതിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്താന്‍ നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. ബീരേന്‍ സിംഗ് രാജിവച്ച മണിപ്പൂരില്‍ ഇതോടകം നിയമസഭ മരവിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ആയിരുന്നു ബീരേന്‍ സിംഗിന്റെ രാജി.

വൈകുന്നേരം ചില മന്ത്രിമാര്‍ക്ക് ഒപ്പം ഗവര്‍ണര്‍ അജയ് ഭല്ലയെ നേരില്‍ക്കണ്ടാണ് രാജി സമര്‍പ്പിച്ചത്. നാളെ സംസ്ഥാന നിയമസഭയില്‍ ബഡ്ജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് സിംഗിന്റെ നീക്കം. തിങ്കളാഴ്ച സഭാ സമ്മേളനം ആരംഭിക്കുന്ന ദിവസം മുഖ്യമന്ത്രിക്കെതിരെ അവിശ്വാസപ്രമേയത്തിനുള്ള നീക്കത്തിലായിരുന്നു കോണ്‍ഗ്രസ്.

അതേസമയം, മണിപ്പൂര്‍ ഗവര്‍ണര്‍ നേരിട്ട് ഡല്‍ഹിയിലേക്ക് പോകും. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ഗവര്‍ണര്‍ രാഷ്ട്രപതിയെ അറിയിക്കും. ഇതിന് ശേഷമായിരിക്കും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്ന കാര്യങ്ങളിലേക്ക് കടക്കുക.